![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനെ ചോദ്യം ചെയ്ത് മുൻ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിനെ ബാറ്റിങ് ഓഡറിൽ വൈകി ഇറക്കിയതാണ് മുൻ താരത്തിന്റെ വിമർശനത്തിന് ഇടയാക്കിയത്. അക്സര്‍ പട്ടേലിനും ശേഷം ആറാമനായാണ് രാഹുല്‍ ബാറ്റിങ്ങിനിറങ്ങിയത്. ആദില്‍ റഷീദിന്‍റെ പന്തില്‍ രണ്ട് റണ്‍സെടുത്ത് രാഹുൽ പുറത്താകുകയും ചെയ്തു. റിഷഭ് പന്തിന് പകരം രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടും ആറാം നമ്പറില്‍ ഇറക്കിയത് എന്തിനാണ്? രാഹുലിന്‍റെ കഴിവില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ ആറാം നമ്പറിലിറക്കിയത്? ആകാശ് ചോപ്ര ചോദിക്കുന്നത് ഇങ്ങനെ.
കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് സ്ഥാനം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ രാഹുൽ ഇന്ത്യൻ ടീമിന്റെ ഓപണറായിരുന്നു. പിന്നെ മധ്യനിരയില്‍ ഇറക്കി. ഇങ്ങനെ സ്ഥാനം മാറ്റി പരീക്ഷിക്കാതെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് അവസരം നൽകണം. എങ്കിൽ മാത്രമേ രാഹുലിന്റെ ഫോമിനെക്കുറിച്ച് മനസിലാകുകയുള്ളൂ. ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.
മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ എന്നിവരുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ ടീമിന് രക്ഷയായത്.
Content Highlights: Aakash Chopra questions India's plans for KL Rahul after IND vs ENG 2025 1st ODI