![search icon](https://www.reporterlive.com/assets/images/icons/search.png)
ഫെബ്രുവരി 19ന് പാകിസ്താനില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിക്കുമെന്ന് ഇംഗ്ലണ്ട്. താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങളിലും ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് അഫ്ഗാനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരം ഇംഗ്ലണ്ട് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ചാംപ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടക്കുമെന്നും സ്ഥിരീകരിച്ചു.
England will proceed with their Champions Trophy match against Afghanistan, the England Cricket Board (ECB) confirmed after discussions with the UK government, ICC, & players. The match is set to take place in Pakistan's city Lahore on February 26.
— Pak Afghan Youth Forum (@payf_eng) February 7, 2025
Earlier, calls for a boycott… pic.twitter.com/VSZNoWHBUR
അഫ്ഗാനില്‍ വനിതാ ടീം ഇല്ലാത്തതിനാലും ഫെബ്രുവരി 26 ന് ലാഹോറില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നിന്ന് പുരുഷ ദേശീയ ടീമിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 160 ബ്രിട്ടീഷ് എംപിമാരുടെ ഒരു ക്രോസ് പാര്‍ട്ടി ഗ്രൂപ്പ് കഴിഞ്ഞ മാസം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്ന് യുകെ സര്‍ക്കാരുമായും ഐസിസിയുമായും വ്യാഴാഴ്ച ഇസിബി യോഗം ചേര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ യോഗത്തിലാണ് ബ്രിട്ടീഷ് നേതാക്കളുടെ ബഹിഷ്‌കരണ ആഹ്വാനം ഇസിബി തള്ളിയത്.
അഫ്ഗാനിലെ പ്രശ്‌നത്തിന്റെ ഗൗരവവും തീവ്രതയും അംഗീകരിച്ച ഇസിബി സ്ത്രീകളെയും പെണ്‍കുട്ടികളെയും താലിബാന്‍ അടിച്ചമര്‍ത്തുന്നത് ഭയാനകമാണെന്നും അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റ് നിരോധിച്ചത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും പ്രസ്താവിച്ചു. എന്നിരുന്നാലും വ്യക്തിഗത മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനേക്കാള്‍ ഫലപ്രദമായ സമീപനം ആഗോള ക്രിക്കറ്റ് സമൂഹത്തില്‍ നിന്നുള്ള ഏകോപിത പ്രതികരണമായിരിക്കുമെന്ന് ബോര്‍ഡ് വാദിച്ചു. സാധാരണക്കാരായ നിരവധി അഫ്ഗാനികള്‍ക്ക് ക്രിക്കറ്റ് ഇപ്പോഴും ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും ഉറവിടമാണെന്നും ഇസിബി പ്രസ്താവനയിലൂടെ കൂട്ടിച്ചേര്‍ത്തു.
ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും ഉള്‍പ്പെടുന്നത്. ഫെബ്രുവരി 26നാണ് അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. ക്രിക്കറ്റില്‍ പുതിയൊരു ശക്തിയായി അഫ്ഗാനിസ്ഥാന്‍ ഉയര്‍ന്നുവരുമ്പോഴാണ് ബ്രട്ടീഷ് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നും താലിബാന്‍ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ 2024ലെ ട്വന്റി 20 ലോകകപ്പില്‍ സെമിയില്‍ എത്താനും അഫ്ഗാന് സാധിച്ചിരുന്നു.
Content Highlights: England Cricket Board confirms match against Afghanistan will proceed as scheduled