കിവികള്‍ക്കും തിരിച്ചടി? സൂപ്പര്‍ പേസര്‍ക്ക് പരിക്ക്, ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണെന്ന് ന്യൂസിലാന്‍ഡ് ഹെഡ് കോച്ച് ഗാരി സ്‌റ്റെഡ് അറിയിച്ചു

dot image

ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ പരിക്കിന്റെ പിടിയിലായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുഎഇയുടെ ഐഎല്‍ടി 20 ക്വാളിഫയര്‍ 1 മത്സരത്തിനിടെ ഡെസേര്‍ട്ട് വൈപ്പേഴ്സ് ക്യാപ്റ്റനായ ഫെര്‍ഗൂസന്‍ ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു.

ഡെസേര്‍ട്ട് വൈപ്പേഴ്സും ദുബായ് ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലാണ് ന്യൂസിലാന്‍ഡ് പേസര്‍ക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ തന്റെ ഓവര്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് മൈതാനം വിടേണ്ടി വരികയും ചെയ്തു. പിന്നാലെ മുഹമ്മദ് ആമിറാണ് ഫെര്‍ഗൂസന്റെ ഓവറില്‍ പന്തെറിഞ്ഞത്. ആദ്യ ക്വാളിഫയറിന് ശേഷം ഷാര്‍ജ വാരിയേഴ്‌സിനെതിരായ എലിമിനേറ്റര്‍ മത്സരവും ഫെര്‍ഗൂസന് നഷ്ടമായിരുന്നു. താരത്തിന്റെ അഭാവത്തില്‍ സാം കറനാണ് ഡെസേര്‍ട് വൈപ്പേഴ്‌സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്.

തുടക്കത്തില്‍ പരിക്ക് നിസ്സാരമായി കണക്കാക്കിയിരുന്നെങ്കിലും സ്‌കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നത് തീരുമാനിക്കുന്നതിന് വേണ്ടി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണെന്ന് ന്യൂസിലാന്‍ഡ് ഹെഡ് കോച്ച് ഗാരി സ്‌റ്റെഡ് അറിയിച്ചു.

അതേസമയം ഫെര്‍ഗൂസന്‍ പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ന്യൂസിലാന്‍ഡിന് വലിയ തിരിച്ചടി തന്നെ ലഭിക്കും. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ട്രൈസീരിന്റെ മുന്നൊരുക്കത്തിലാണ് നിലവില്‍ കിവികള്‍. പാകിസ്താനെതിരെ ശനിയാഴ്ചയാണ് ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

Content Highlights: New Zealand's Lockie Ferguson in doubt for Champions Trophy with injury: Reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us