പാകിസ്താൻ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെ രചിൻ രവീന്ദ്രയ്ക്ക് പരിക്ക്. പാകിസ്താനെതിരായ മത്സരത്തിൽ ഫിൽഡ് ചെയ്യുന്നതിനിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ പന്ത് നെറ്റിയിൽ ഇടിച്ചാണ് ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്കേറ്റത്. നെറ്റിയിൽ നിന്ന് ചോര വാർന്നതോടെ താരം കളം വിടുകയും ചെയ്തു.
മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്താൻ ഇന്നിംഗ്സിന്റെ 38-ാം ഓവറിലാണ് സംഭവം. പാക് ഇടം കൈയ്യൻ ബാറ്റര്‍ ഖുഷ്ദില്‍ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുവാനായിരുന്നു രചിൻ ശ്രമിച്ചത്. എന്നാൽ വെളിച്ചം കണ്ണിലേക്ക് അടിച്ചതിനെ തുടര്‍ന്ന് താരത്തിന് പന്ത് വരുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് പന്ത് നെറ്റിയിൽ ഇടിച്ചത്. പിന്നീട് മെഡിക്കല്‍ സംഘമെത്തിയാണ് രവീന്ദ്രയെ കൊണ്ടുപോയത്.
A tough moment on the field for Rachin Ravindra as an attempted catch turned into an unfortunate injury. 🤕
— FanCode (@FanCode) February 8, 2025
Get well soon, Rachin! pic.twitter.com/34dB108tpF
മത്സരത്തിൽ ന്യൂസിലാൻഡ് 78 റൺസിന് വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു. ഗ്ലെന്‍ ഫിലിപ്സ് 74 പന്തില്‍ പുറത്താവാതെ 106, ഡാരല്‍ മിച്ചല്‍ 84 പന്തില്‍ 81, കെയ്ന്‍ വില്യംസണ്‍ 89 പന്തില്‍ 58 എന്നിവരുടെ പ്രകടനമാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 252 റൺസെടുക്കാനെ സാധിച്ചുള്ളു. 82 റൺസെടുത്ത ഓപണർ ഫഖർ സമാനാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സൽമാൻ അലി ആഗ 40 റൺസ് സംഭാവന ചെയ്തു. ന്യൂസിലാൻഡിനായി മാറ്റ് ഹെൻറിയും മിച്ചൽ സാന്റനറും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
Content Highlights: Rachin Ravindra goes off the field after taking blow to forehead