![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെ മത്സരത്തിന് തടസമായി ഫ്ലഡ് ലൈറ്റ് തകരാർ. വെളിച്ചം തടസപ്പെട്ടതിനെ തുടർന്ന് മത്സരം അരമണിക്കൂറോളം നിർത്തിവെക്കുകയും ചെയ്തു.
ഗ്രൗണ്ടിലെ പ്രധാന ഫ്ലഡ്ലൈറ്റിലെ വെളിച്ചമാണ് അപ്രതീക്ഷിതമായി അണഞ്ഞത്. പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും മൂന്ന് തവണയോളം വെളിച്ചം അണഞ്ഞു. ഇതോടെ പ്രശ്നം പരിഹരിക്കുന്നതിനായി മത്സരം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ടിനിടെയാണ് ആരാധകരുടെ ആവേശം കെടുത്തി വെളിച്ചക്കുറവ് ഉണ്ടായത്. മൊബൈലിലെ ലൈറ്റ് ഓൺ ചെയ്താണ് ഇതിനോട് ആരാധകർ പ്രതികരിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 48 റൺസെടുത്തിട്ടുണ്ട്. 18 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറും സഹിതം 29 റൺസ് നേടിയ രോഹിത് ശർമ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചന നൽകിക്കഴിഞ്ഞു. 19 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 17 റൺസ് നേടിയ ശുഭ്മൻ ഗില്ലും ക്രീസിലുണ്ട്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 എന്ന സ്കോറിലേക്കെത്തി. 69 റൺസെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 65 റൺസ് നേടി. ക്യാപ്റ്റൻ ജോസ് ബട്ലർ 34, ഹാരി ബ്രൂക്ക് 31, ഫിൽ സോൾട്ട് 26 എന്നിങ്ങനെയും സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Consistent floodlight issues at the ground has resulted in a halt