![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ജമ്മു കശ്മീർ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. ജമ്മു കശ്മീർ ആദ്യ ഇന്നിംഗ്സിൽ 280 റൺസെടുത്തിരുന്നു. 49 റൺസുമായി പുറത്താകാതെ നിൽക്കുന്ന സൽമാൻ നിസാറിലാണ് കേരളത്തിന്റെ അവശേഷിച്ച പ്രതീക്ഷകൾ.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ് ജമ്മു കശ്മീർ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്. അവസാന വിക്കറ്റുകളിലെ പോരാട്ടത്തിൽ 280 എന്ന സ്കോറിലേക്കെത്താൻ ജമ്മു കശ്മീരിന് കഴിഞ്ഞു. കേരളത്തിനായി എം ഡി നിധീഷ് ആറ് വിക്കറ്റെടുത്തു. ആദിത്യ സർവതെ രണ്ട് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ കേരളം കടുത്ത ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. 11 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണു. പിന്നാലെ 78 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമായി ജലജ് സക്സേന നടത്തിയ പ്രകടനം കേരളത്തിന് പ്രതീക്ഷകൾ നൽകി. എന്നാൽ 67 റൺസുമായി സക്സേന പുറത്താകുമ്പോൾ കേരളത്തിന്റെ സ്കോർ 105ൽ എത്തിയിരുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നാലെ വാലറ്റക്കാരെ കൂട്ടുപിടിച്ച് സൽമാൻ നിസാർ നടത്തിയ പോരാട്ടമാണ് കേരളത്തിന്റെ സ്കോർ 200ൽ എത്തിച്ചിരിക്കുന്നത്.
ബാറ്റുകൊണ്ടും തിളങ്ങിയ എം ഡി നിധീഷ് 30 റൺസ് സംഭാവന ചെയ്തു. ഓപണിങ്ങിൽ അക്ഷയ് ചന്ദ്രൻ 29 റൺസും നേടിയിരുന്നു. മറ്റാർക്കും കേരളത്തിനായി വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. ജമ്മു കശ്മീരിനായി ആഖിബ് നബി അഞ്ച് വിക്കറ്റെടുത്തു.
Content Highlights: Jammu and Kashmir on the verge of first innings lead against Kerala