
പാകിസ്താനെതിരായ കഴിഞ്ഞ ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍ ഗ്ലെന്‍ ഫിലിപ്‌സ് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 74 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സറും സഹിതം ഫിലിപ്‌സ് 106 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതില്‍ അവസാന 22 പന്തില്‍ മാത്രം ഫിലിപ്‌സ് നേടിയത് 63 റണ്‍സാണ്. ഷഹീന്‍ ഷാ അഫ്രീദിയുടെ അവസാന ഓവറില്‍ മാത്രം 23 റണ്‍സ് പിറന്നു. 72 പന്തില്‍ താരം സെഞ്ച്വറി നേട്ടവും പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിലിപ്‌സിന്റെ മൂന്നാം സെഞ്ച്വറിയാണ്. നേരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ഫിലിപ്‌സ് രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു.
മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് റിവേഴ്‌സ് സ്‌കൂപ്പിലൂടെ പറത്തിയ സിക്‌സറാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാവുന്നത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ 48-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അതിശയിപ്പിക്കുന്ന റിവേഴ്‌സ് സ്‌കൂപ്പ് പിറന്നത്. ഓവറിലെ രണ്ടാം പന്തും സിക്‌സായിരുന്നു. മൂന്നാം പന്തില്‍ ലോ ഫുള്‍ടോസ് എറിഞ്ഞ അഫ്രീദിയെ കൂളായി റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച ഗ്ലെന്‍ തേര്‍ഡ് മാന് മുകളിലൂടെ പറത്തി ബൗണ്ടറി കടത്തി.
മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലാന്‍ഡ് 78 റണ്‍സിന് വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ് 74 പന്തില്‍ പുറത്താവാതെ 106, ഡാരല്‍ മിച്ചല്‍ 84 പന്തില്‍ 81, കെയ്ന്‍ വില്യംസണ്‍ 89 പന്തില്‍ 58 എന്നിവരുടെ പ്രകടനമാണ് ന്യൂസിലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് 252 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 82 റണ്‍സെടുത്ത ഓപണര്‍ ഫഖര്‍ സമാനാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സല്‍മാന്‍ അലി ആഗ 40 റണ്‍സ് സംഭാവന ചെയ്തു. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റിയും മിച്ചല്‍ സാന്റനറും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
Content Highlights: Glenn Phillips Destroys Shaheen Afridi With Unbelievable Reverse-Scoop Six, Video