![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 എന്ന സ്കോറിലേക്കെത്തി. 44.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.
69 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 65 റൺസ് നേടി. ക്യാപ്റ്റൻ ജോസ് ബട്ലർ 34, ഹാരി ബ്രൂക്ക് 31, ഫിൽ സോൾട്ട് 26 എന്നിങ്ങനെയും സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി ശുഭ്മൻ ഗില്ലും രോഹിത് ശർമയും തകർപ്പൻ തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസ് കൂട്ടിച്ചേർത്തു. 52 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്ത ഗിൽ ആണ് ആദ്യം പുറത്തായത്. പിന്നാലെ ഏഴ് പന്തിൽ അഞ്ച് റൺസുമായി വിരാട് കോഹ്‍ലി വീണ്ടും നിരാശപ്പെടുത്തി.
90 പന്തുകളിൽ 12 ഫോറും ഏഴ് സിക്സും സഹിതം 119 റൺസുമായി രോഹിത് പുറത്താകുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീടും ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ശ്രേയസ് അയ്യർ 44 റൺസുമായി റൺഔട്ടായി. കെ എൽ രാഹുലിന്റെയും ഹാർദിക് പാണ്ഡ്യയുടെയും സംഭാവന 10 റൺസ് വീതമായിരുന്നു. എന്നാൽ ക്രീസിൽ ഉറച്ചുനിന്ന് 41 റൺസുമായി അക്സറും 11 റൺസുമായി രവീന്ദ്ര ജഡേജയും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
Content Highlights: India beat England by 4 wickets, series sealed