സണ്‍റൈസേഴ്‌സിനെ കീഴടക്കി; എസ്എ20യില്‍ എംഐ കേപ് ടൗണിന് കന്നിക്കിരീടം

ഐഡന്‍ മാര്‍ക്രത്തിനും സംഘത്തിനും കേപ് ടൗണ്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തെ അതിജീവിക്കാനായില്ല

dot image

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്‍റായ എസ്എ20യില്‍ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കി എംഐ കേപ് ടൗണ്‍. ഐഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെ ഫൈനലില്‍ 76 റണ്‍സിന് പരാജയപ്പെടുത്തിയാണ് മിഷിഗണ്‍ കേപ് ടൗണ്‍ പുതിയ ചാമ്പ്യന്മാരായത്. കേപ് ടൗണ്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സണ്‍റൈസേഴ്‌സ് 18.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ഡിപി വേള്‍ഡ് വാണ്ടറേഴ്സില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണ്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 26 പന്തില്‍ 39 റണ്‍സെടുത്ത കോണര്‍ എസ്റ്റെര്‍ഹുയിസെനാണ് കേപ് ടൗണിന്റെ ടോപ് സ്‌കോറര്‍. ഡെവാള്‍ഡ് ബ്രെവിസ് (38), റയാന്‍ റിക്കിള്‍ടണ്‍ (33), റാസി വാന്‍ഡര്‍ ഡസ്സന്‍ (23), ജോര്‍ജ് ലിന്‍ഡെ (20) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. സണ്‍റൈസേഴ്‌സിന് വേണ്ടി മാര്‍കോ ജാന്‍സെന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ലിയാം ഡോസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

വിജയത്തിലേക്ക് ബാറ്റെടുത്ത ഐഡന്‍ മാര്‍ക്രത്തിനും സംഘത്തിനും കേപ് ടൗണ്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തെ അതിജീവിക്കാനായില്ല. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 9 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. 3.4 ഓവര്‍ പന്തെറിഞ്ഞ കഗിസോ റബാഡ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.

ടോം അബെല്‍ (30), ടോണി ഡി സോര്‍സി (26) എന്നിവര്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങിയത്. ജോര്‍ജ്ജ് ലിന്‍ഡെ (2/20), റാഷിദ് ഖാന്‍ (1/19) എന്നിവരും മികച്ച ബോളിങ് പുറത്തെടുത്തതോടെ സണ്‍റൈസേഴ്‌സ് 105 റണ്‍സിന് പുറത്തായി.

Content Highlights: SA20 2025: MI Cape Town beat Sunrisers Eastern Cape by 76 runs to clinch maiden title

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us