വിരാട് കോഹ്‌ലിയെ ആദ്യമായി IPL ൽ പുറത്താക്കിയത് അയാളായിരുന്നു; ഇപ്പോള്‍ MLA, അന്ന് ട്രോളർമാരുടെ 'ഇഷ്ട'താരം

വിരാട് കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി പുറത്താക്കിയ താരം ആരാണെന്ന് അറിയാമോ?

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി തന്റെ 18-ാം സീസണ്‍ കളിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി പുറത്താക്കിയ താരം ആരാണെന്ന് അറിയാമോ? അന്നത്തെ ബോളര്‍ ഇപ്പോള്‍ ബിജെപിയുടെ എംഎല്‍എയാണെന്ന സത്യം പലരെയും അതിശയിപ്പിച്ചേക്കാം. ആ താരം മറ്റാരുമല്ല, ബം​ഗാൾ പേസറും മുൻ ഇന്ത്യൻ താരവുമായ അശോക് ദിൻഡയാണ്!

2008 ഏപ്രില്‍ 18 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) ആര്‍സിബിയും തമ്മിലുള്ള ടി 20 ലീഗിന്റെ ഉദ്ഘാടന മത്സരത്തിലൂടെയാണ് വിരാട് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ 223 റണ്‍സാണ് കോഹ്‌ലിയുടെ ആര്‍സിബിക്ക് മുന്‍പില്‍ വിജയ ലക്ഷ്യമായി എത്തിയത്. അന്ന് പുതുമുഖമായിരുന്ന വിരാടിന് വെറും ഒരു റണ്‍ മാത്രമാണ് നേടാനായത്.

കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ നില്‍ക്കെ കോഹ്ലിയെ കെകെആര്‍ ബോളര്‍ അശോക് ദിന്‍ഡ പുറത്താക്കുകയായിരുന്നു. വലംകയ്യന്‍ പേസറായ അശോക് ദിന്‍ഡയാണ് അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. അന്ന് മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ദിന്‍ഡ രണ്ട് വിക്കറ്റ് വീഴ്ത്തി. കോഹ്‌ലിയെ കൂടാതെ വസീം ജാഫറിനെയും ദിന്‍ഡ അന്ന് പുറത്താക്കി. ആര്‍സിബി 82 റണ്‍സിന് പുറത്തായി. മത്സരത്തില്‍ 140 റണ്‍സിന് കെകെആര്‍ വിജയിക്കുകയും ചെയ്തു.

Ashok Dinda
അശോക് ദിന്‍ഡ

2009 ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തിലൂടെ എംഎസ് ധോണിയുടെ കീഴിലാണ് ദിന്‍ഡ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2010ല്‍ ഏകദിനത്തിലും 2021ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ദിന്‍ഡ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ബിജെപിയില്‍ ചേര്‍ന്ന ദിന്‍ഡ 2021ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. പശ്ചിമ ബംഗാളിലെ മോയ്‌ന മണ്ഡലത്തില്‍ നിന്നാണ് ദിന്‍ഡ മത്സരിച്ച് ജയിച്ച് എംഎല്‍എയായത്.

മുമ്പ് ഐ പി എല്ലിൽ ആർ സി ബി, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിൽ കളിച്ചിരുന്ന കളിക്കാരനാണ് ബംഗാളുകാരനായ അശോക് ദിൻഡ. ഐപിഎല്ലിന്റെ ആദ്യ സീസണുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചെങ്കിലും പിന്നീട് തല്ലു വാങ്ങാൻ തുടങ്ങിയതോടെ ഐ പി എല്ലിൽ നിന്ന് പുറത്താവുകയായിരുന്നു. ശേഷം, തല്ലു കൊള്ളുന്ന ബോളർമാരെയെല്ലാം കൂടി ചേർത്ത് 'ദിൻഡ അക്കാദമി' എന്ന പേരിലായിരുന്നു ട്രോളർമാരുടെ പരിഹാസം.


ഐപിഎല്ലിൽ 78 മൽസരങ്ങൾ കളിച്ചിട്ടുള്ള ദിൻഡ 8.20 ഇക്കോണമിയിൽ 69 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹം കളിച്ചിരുന്ന കാരലത്തെ 9 രഞ്ജി സീസണിൽ 8 തവണയും ബംഗാളിനായി ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയത് ദിൻഡയാണ്. ഇന്ത്യക്കായി 2009ൽ അരങ്ങേറിയ ദിൻഡ 13 ഏകദിനങ്ങളിൽ നിന്ന് 12 വിക്കറ്റും 9 ടി 20യിൽ നിന്ന് 17 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 116 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 420 വിക്കറ്റും 98 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 151 വിക്കറ്റും 144 വ്യത്യസ്ത ടി20 മത്സരങ്ങളില്‍ നിന്നായി 146 വിക്കറ്റും നേടിയിട്ടുണ്ട് അദ്ദേഹം ബംഗാളിനായി നേടിയിട്ടുണ്ട്.

Content Highlights: Ashok Dinda, The First Bowler To Dismiss Virat Kohli In IPL, He Is Now A BJP MLA

dot image
To advertise here,contact us
dot image