
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തെങ്കിലും സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ഒറ്റയക്കത്തിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മത്സരത്തില്‍ വണ്‍ഡൗണായി ക്രിസീലെത്തിയ വിരാട് എട്ട് പന്തില്‍ വെറും അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. 20-ാം ഓവറില്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.
Virat Kohli dismissed for 5 in 8 balls. pic.twitter.com/Qf54KqMPTP
— Mufaddal Vohra (@mufaddal_vohra) February 9, 2025
ഇതിനുപിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കയറി 'മേയുക'യാണ് വിരാട് കോഹ്‌ലിയുടെ ആരാധകര്‍. കോഹ്‌ലി ഔട്ടായതിന് കാരണം ജോസ് ബട്‌ലറുടെ മനഃപൂര്‍വമുള്ള ത്രോയാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്. വിരാട് പുറത്താവുന്നതിന് തൊട്ടുമുന്‍പുള്ള പന്താണ് കോഹ്‌ലിയുടെ താളം തെറ്റിച്ചതെന്നും ആരാധകര്‍ വിശ്വസിക്കുന്നു.
കോഹ്ലി പുറത്താകുന്നതിന് മുമ്പ് ആദില്‍ റാഷിദിന്റെ ഒരു ഫുള്‍ ലെങ്ത് പന്ത് കോഹ്ലി തട്ടിയിട്ടത് ബട്ലറുടെ നേരെ. ഉടനെ തന്നെ ബട്ട്ലര്‍ പന്ത് എടുത്ത് എറിഞ്ഞത് കോഹ്ലിയുടെ നേരെ തന്നെ. അബദ്ധ വശാല്‍ പന്ത് കോഹ്ലിയുടെ ദേഹത്ത് തട്ടുകയും ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഉടന്‍ തന്നെ കൈകളുയര്‍ത്തി ക്ഷമ ചോദിച്ചു. കോഹ്‌ലി ആദ്യം അസ്വസ്ഥനായി കാണപ്പെട്ടെങ്കിലും ബട്‌ലറുടെ ക്ഷമാപണം സ്വീകരിക്കാനായി അദ്ദേഹവും കൈകളുയര്‍ത്തി.
തൊട്ടടുത്ത പന്തില്‍ കോഹ്‌ലി പുറത്താവുകയും ചെയ്തു. ഇതിനുശേഷമാണ് താരത്തിന്റെ ആരാധകര്‍ ബട്‌ലറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കമന്റുകളുമായി പ്രതിഷേധം അറിയിച്ചത്. ബട്ട്ലറുടെ ആ ത്രോ മനഃപൂര്‍വമാണെന്നും പിന്നാലെ കോഹ്ലിയുടെ ഏകാഗ്രതയെ തകര്‍ത്തെന്നും ഇതാണ് അദ്ദേഹം പുറത്തായതിന് കാരണമെന്നും ആരാധകര്‍ പറയുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 എന്ന സ്‌കോറിലേക്കെത്തി. 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 90 പന്തുകളില്‍ 12 ഫോറും ഏഴ് സിക്സും സഹിതം 119 റണ്‍സുമായി രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.
Content Highlights: Virat Kohli fans storm Jos Buttler's Instagram, accuse ENG captain of 'intentional' throw