![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് കീഴിലുള്ള ദ ഹണ്ട്രഡ് ടൂർണമെന്റ് കളിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസും. ഓവൽ ഇന്‍വിന്‍സിബിള്‍സ് എന്ന ടീമിനാണ് റിലൈൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉടമകളായ മുംബൈ ഇന്ത്യൻസ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഹണ്ട്രഡിൽ കഴിഞ്ഞ രണ്ട് തവണയും ചാംപ്യന്മാരാണ് ഓവൽ ഇന്‍വിന്‍സിബിള്‍സ്. മുമ്പ് ഐപിഎൽ ടീമുകളായ സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമകളും ഹണ്ട്രഡ്സ് ടീമുകൾക്കായി പണം നിക്ഷേപിച്ചിരുന്നു.
ലോകത്തെ വിവിധ ക്രിക്കറ്റ് ലീഗുകളിൽ മുംബൈ ഇന്ത്യൻസിന്റെ നിക്ഷേപമുള്ള അഞ്ചാമത്തെ ടീമാണ് ഓവൽ ഇന്‍വിന്‍സിബിള്‍സ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക്, ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ മുംബൈ ഇന്ത്യൻസ് കേപ്ടൗൺ, ദുബായിലെ അന്താരാഷ്ട്ര ലീഗ് ട്വന്റി 20യിൽ മുംബൈ ഇന്ത്യൻസ് എമിറേറ്റ്സ് എന്നിവയാണ് മറ്റ് ടീമുകൾ.
ലോക ക്രിക്കറ്റിൽ 17 വർഷം പിന്നിട്ട മുംബൈ ഇന്ത്യൻസ് 11 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രം മുംബൈ ഇന്ത്യൻസ് അഞ്ച് കിരീടങ്ങൾ സ്വന്തമാക്കി. രണ്ട് തവണ ചാംപ്യൻസ് ലീഗ് കിരീടവും മുംബൈ ഇന്ത്യൻസ് നേടിയിരുന്നു. വനിത പ്രീമിയർ ലീഗ്, മേജർ ലീഗ് ക്രിക്കറ്റ്, ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് എന്നിവ ഓരോ തവണയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
Content Highligths: Mumbai Indians welcome The Hundred's London-based franchise 'Oval Invincibles'