![search icon](https://www.reporterlive.com/assets/images/icons/search.png)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മടങ്ങിയെത്താനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മുംബൈ ബൗളിങ് ഓൾറൗണ്ടർ ഷാർദുൽ താക്കൂർ. ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനാണ് താരം ലക്ഷ്യമിടുന്നത്. ഇതിനായി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ടെന്നും താരം അറിയിച്ചു. ഇന്ത്യൻ ടീമിലെത്താനുള്ള പോരാട്ടത്തിലാണ് ഞാൻ ഇപ്പോൾ. അതാണ് എനിക്കുള്ള ഏക ആഗ്രഹം. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനിടെ താക്കൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ കളിച്ചുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റാണ് എല്ലാ താരങ്ങളുടെയും ലക്ഷ്യം. രാജ്യത്തിനായി കളിക്കണമെന്ന ആഗ്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഈ ആഗ്രഹം ഒരിക്കലും മാഞ്ഞുപോകില്ല. താക്കൂർ പറഞ്ഞു.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ നിന്ന് ഒരു അവസരം ലഭിച്ചാൽ തീർച്ചയായും കളിക്കും. ഇത് തീർച്ചയായും വലിയൊരു അനുഭവമാണ്. ആറ്, എഴ് മാസം കൗണ്ടി ക്രിക്കറ്റ് നീണ്ടുനിൽക്കാറുണ്ട്. അവിടെ കളിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സാധിക്കും. താക്കൂർ വ്യക്തമാക്കി.
മുൻനിര വീഴുമ്പോൾ പലപ്പോഴും ബാറ്റുകൊണ്ട് സംഭാവന നൽകുന്ന താരമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിൽ ഷാർദുൽ താക്കുർ. 2023 ഏകദിന ലോകകപ്പിലാണ് ഷാർദുൽ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ലോകകപ്പിൽ പന്തെറിഞ്ഞപ്പോൾ ധാരാളം റൺസ് വിട്ടുകൊടുത്തതാണ് താരം ടീമിന് പുറത്താകാൻ കാരണമായത്. എന്നാൽ ഈ സീസൺ രഞ്ജി ട്രോഫിയിലെ മികച്ച ഫോമാണ് ഷാർദുൽ വീണ്ടും ഇന്ത്യൻ ടീമിലെത്തുമെന്ന പ്രതീക്ഷകൾ ഉണർത്തുന്നത്.
എട്ട് മത്സരങ്ങളിൽ നിന്നായി 396 റൺസും 30 വിക്കറ്റുകളും ഷാർദുൽ നേടി. മുംബൈ മുൻ നിര തകരുമ്പോഴാണ് ഷാർദുൽ നിർണായക സംഭാവനകളുമായി ടീമിന്റെ രക്ഷയ്ക്കെത്തുന്നത്. ഹരിയാനയെക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫിയുടെ ക്വാർട്ടറിൽ ആറ് വിക്കറ്റുകളാണ് താക്കൂർ നേടിയത്.
Content Highlights: Shardul Thakur eyes Test return in England, open to playing County after IPL snub