രോഹിത്തിന്റെ സെഞ്ച്വറി ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം വര്‍ധിപ്പിച്ചു: രവീന്ദ്ര ജഡേജ

ഫോം ഔട്ടെന്നു പരിഹസിച്ച് എഴുതിത്തള്ളിയവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഹിറ്റ്മാന്‍

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ നേടിയ വെടിക്കെട്ട് സെഞ്ച്വറി ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റനും ടീമിനും വലിയ ആത്മവിശ്വാസം നല്‍കിയെന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. മത്സരത്തില്‍ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായ സെഞ്ച്വറിയാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 90 ബോളില്‍ 119 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. 12 ഫോറും ഏഴ് കൂറ്റന്‍ സിക്സറുകളുമടക്കമാണിത്.

ഇതോടെ ഫോം ഔട്ടെന്നു പരിഹസിച്ച് എഴുതിത്തള്ളിയവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഹിറ്റ്മാന്‍. ഇപ്പോള്‍ മത്സരത്തിലും രോഹിത്തിന്റെ കരിയറിലും ഏറെ നിര്‍ണായകമായ സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുകയാണ് ജഡേജ. എല്ലാ മികച്ച താരങ്ങളും ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ടെന്നും ജഡേജ പറഞ്ഞു.

'രാജ്യം മുഴുവന്‍ ഒരുപക്ഷേ രോഹിത്തിന് പിന്നില്‍ ഉണ്ടായിരിക്കാം. പക്ഷേ ഞങ്ങളുടെ ഡ്രെസിങ് റൂമിലെ അന്തരീക്ഷം അങ്ങനെയായിരുന്നില്ല. രോഹിത് മികച്ച പ്ലേയറാണ്. ഒരു ഇന്നിങ്‌സ് എങ്ങനെ ബില്‍ഡ് ചെയ്യാമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരൊറ്റ നല്ല ഇന്നിങ്‌സിന്റെ കാര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഇന്നിങ്‌സുകളില്‍ റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വളരെ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം കളിച്ചത്', മത്സരത്തിന് ശേഷം ജഡേജ പറഞ്ഞു.

'കാര്യങ്ങളെല്ലാം മാറിമറിയാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ഇന്നിങ്‌സ് മതിയാകും. നല്ല കാര്യമെന്താണെന്നാല്‍ ചാംപ്യന്‍സ് ട്രോഫി പോലുള്ള ഒരു പ്രധാന ടൂര്‍ണമെന്റിന് മുന്‍പ് സെഞ്ച്വറി നേടാന്‍ കഴിയുകയെന്നത് വലിയ ഊര്‍ജവും ആത്മവിശ്വാസവും നല്‍കിയിരിക്കുകയാണ്. അത് ടീമിനും വളരെ നല്ലതാണ്. രോഹിത് എങ്ങനെയാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിനും വളരെ നന്നായി തന്നെ അറിയാം. കൂടുതല്‍ ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ ഒന്നുമില്ല', ജഡേജ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 എന്ന സ്‌കോറിലേക്കെത്തി. 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 90 പന്തുകളില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതം 119 റണ്‍സുമായി രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

Content Highlights: Rohit Sharma's century before Champions Trophy big confidence booster: Ravindra Jadeja

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us