![search icon](https://www.reporterlive.com/assets/images/icons/search.png)
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പകല്‍ ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി കഴിഞ്ഞു. അവസാന ഏകദിനത്തില്‍ ആശ്വാസ വിജയം തേടി ഇംഗ്ലണ്ട് അഹമ്മദാബാദില്‍ ഇറങ്ങുമ്പോള്‍ ബട്‌ലറെയും സംഘത്തെയും വൈറ്റ് വാഷ് ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Cuttack 🛬 Ahmedabad #TeamIndia have arrived for the Third and the Final #INDvENG ODI 👌👌@IDFCFIRSTBank pic.twitter.com/JOd2fCAkgU
— BCCI (@BCCI) February 10, 2025
കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ ഫോമിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ചു. ഇനി അഹമ്മദാബാദിലേക്കെത്തുമ്പോൾ എല്ലാ കണ്ണുകളും കോഹ്ലിയിലേക്കാണ്. സ്കോർ ഉയർത്തി കോഹ്ലി തിരിച്ചുവരുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകർ. കോഹ്ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യുന്നതുമാണ് അഹമ്മദാബാദിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള അവസാന ഏകദിനമെന്ന നിലയില്‍ വിജയം സ്വന്തമാക്കി ആത്മവിശ്വാസം ഉയർത്താനായിരിക്കും ഹിറ്റ്മാനും സംഘവും ഇറങ്ങുന്നത്.
പരമ്പര സ്വന്തമാക്കിയതോടെ അവസാന ഏകദിനത്തിൽ പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. കെ എൽ രാഹുലിന് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കി ഇറക്കാനുള്ള സാധ്യതയുണ്ട്. ആദ്യ രണ്ട് ഏകദിനത്തിലും ബാറ്റിങ്ങിൽ രാഹുൽ പരാജയപ്പെട്ടിരുന്നു.
ആദ്യ രണ്ട് ഏകദിനത്തിലും അർധ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് അവസാന ഏകദിനത്തിൽ വിശ്രമം നൽകാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ യശസ്വി ജയ്സ്വാളിന് അവസരമൊരുങ്ങിയേക്കും. ആദ്യ ഏകദിനത്തിൽ യശസ്വി രോഹിത്തിനൊപ്പം ഓപണറായി ഇറങ്ങിയിരുന്നെങ്കിലും ഭേദപ്പെട്ട സംഭാവന നൽകാൻ സാധിച്ചിരുന്നില്ല.
ബോളിങ്ങിലേക്ക് വരുമ്പോൾ വാഷിങ്ടൺ സുന്ദറിന് ആദ്യ രണ്ട് ഏകദിനങ്ങളും കളിക്കാനായിരുന്നില്ല. എന്നാൽ അഹമ്മദാബാദിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. അക്സർ പട്ടേലിന് പകരം കുൽദീപ് യാദവ് അഹമ്മദാബാദിൽ കളിക്കാനും സാധ്യത. കുൽദീപ് യാദവ് ആദ്യ ഏകദിനം നാഗ്പൂരിൽ കളിച്ചെങ്കിലും രണ്ടാം ഏകദിനത്തിൽ ടീമിൽ ഉൾപ്പെട്ടില്ല.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ:
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
Content Highlights: India will play England for the final time in the ODI series