![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജി ട്രോഫി ക്വാര്‍ട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ കേരളം ചെറുത്തുനില്‍പ്പ് തുടരുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാന ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 67 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ് കേരളം. സച്ചിൻ ബേബിയും ജലജ് സക്സേനയുമാണ് ക്രീസിൽ. 140 പന്തുകൾ നേരിട്ട സച്ചിൻ ആറ് ബൗണ്ടറികൾ ഉൾപ്പെടെ 42 റൺസാണ് എടുത്തത്. 22 പന്തിൽ നിന്ന് ഒരു ബൗണ്ടറി സഹിതം ഏഴ് റൺസാണ് സക്സേനയുടെ സമ്പാദ്യം.
399 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്ന കേരളത്തിന് അവസാന ദിനം ആദ്യ സെഷനിൽ ഓപണർ അക്ഷയ് ചന്ദ്രനെയാണ് നഷ്ടപ്പെട്ടത്. ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം മൂന്നാം വിക്കറ്റിൽ 259 പന്തുകൾ നീണ്ട ചെറുത്തുനിൽപ്പിനൊടുവിലാണ് അക്ഷയ്‌യെ ജമ്മു കശ്മീർ ബോളർമാർ വീഴ്ത്തിയത്. 183 പന്തുകൾ നേരിട്ട് നാല് ബൗണ്ടറികൾ ഉൾപ്പെടെ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ സഹിൽ ലോത്ര ശുഭം ഖജൂരിയയുടെ കൈകളിലെത്തിക്കുകയായിരുന്നു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനഃരാരംഭിച്ച കേരളത്തിന് അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് ഉറച്ച പ്രതിരോധമാണ് തീർത്തത്. 259 പന്തുകളാണ് ഇരുവരും ചേർന്ന് ആദ്യ സെഷനിൽ വിജയകരമായി പ്രതിരോധിച്ചത്. സച്ചിനുമായി 58 റൺസ് കൂട്ടിച്ചേർത്താണ് അക്ഷയ് മടങ്ങിയത്.
നേരത്ത 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി കാര്യമായ നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിക്കുക എന്നതായിരുന്നു. കരുതലോടെ തുടങ്ങിയ കേരള ഓപണർമാരായ രോഹൻ കുന്നുമ്മലും (36) അക്ഷയ് ചന്ദ്രനും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസ് നേടിയെങ്കിലും രോഹനെയും പിന്നാലെയെത്തിയ ഷോൺ റോജറിനെയും (6) മടക്കിയ യുദ്ധവീർ സിങ് കശ്മീരിന് മേൽക്കൈ നൽകി. പിന്നീട് മൂന്നാം വിക്കറ്റിൽ 30 റൺസ് നേടിയ അക്ഷയ്– സച്ചിൻ ബേബി സഖ്യമാണ് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ നാലാം ദിനം അവസാനിപ്പിക്കാൻ കേരളത്തെ സഹായിച്ചത്.
ജമ്മു തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അവര്‍ ഒരു റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ച്വറിയാണ് (132) ജമ്മുവിന് വലിയ ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന്‍ (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി. സമനില പിടിക്കാനാണ് കേരളം ശ്രമിക്കുന്നത്. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്സിലെ ഒറ്റ റൺ ലീഡിന്റെ ബലത്തിൽ കേരളത്തിന് സെമി കളിക്കാൻ അവസരമൊരുങ്ങും.
Content Highlights: Ranji Trophy: Kerala vs Jammu and Kashmir