ഗില്ലിന് ഏകദിനത്തിലേതുപോലെ എന്തുകൊണ്ട് ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയുന്നില്ല? ജഡ്ജ് ചെയ്യരുതെന്ന് ഗംഭീര്‍

'50 ഓവര്‍ ക്രിക്കറ്റില്‍ ഒരാള്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിയുമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലും അവര്‍ക്ക് അത് ചെയ്യാന്‍ കഴിയും'

dot image

ശുഭ്മന്‍ ഗില്ലിനെ പോലുള്ള യുവതാരങ്ങളെ ഓരോ ഇന്നിങ്‌സിനുശേഷവും വിലയിരുത്തരുതെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ഗില്ലിനെ കുറിച്ചുള്ള ഗംഭീറിന്റെ പരാമര്‍ശം. ശുഭ്മാന്‍ ഗില്ലിനെപ്പോലുള്ള ഇന്ത്യയുടെ യുവ ബാറ്റര്‍മാര്‍ ഏകദിന ക്രിക്കറ്റില്‍ തിളങ്ങുന്നതുപോലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫോം തെളിയിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗംഭീര്‍.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മൂന്നാം നമ്പറിലേക്ക് മാറിയതിനുശേഷം ഗില്‍ തുടക്കത്തില്‍ ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല അടുത്തിടെ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലും മോശം പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്. എന്നാല്‍ ഗില്ലിനെപ്പോലുള്ള താരത്തിന് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവുണ്ടെന്നും എന്നാല്‍ പരാജയപ്പെടുമ്പോള്‍ അദ്ദേഹം വിലയിരുത്തപ്പെടുകയാണെന്നും ഗംഭീര്‍ പറഞ്ഞു.

'ഓരോ ഇന്നിങ്‌സിനു ശേഷവും നമ്മള്‍ കളിക്കാരെ വിലയിരുത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. ശുഭ്മന്‍ ഗില്‍ ഇപ്പോഴും ഒരു യുവതാരമാണ്. 25 വയസ്സുള്ള അദ്ദേഹത്തിന് മുന്നില്‍ മികച്ച ഭാവിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കഠിനമായ ഫോര്‍മാറ്റാണ്. ഒരു ഫോര്‍മാറ്റില്‍ അദ്ദേഹം സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കില്‍ അദ്ദേഹം ആ നിലവാരം ഉള്ളയാളാണെന്ന് ഗില്‍ തെളിയിച്ചിട്ടുണ്ട്. ഭാവിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ഗില്ലിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'50 ഓവര്‍ ക്രിക്കറ്റില്‍ ഒരാള്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിയുമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലും അവര്‍ക്ക് അത് ചെയ്യാന്‍ കഴിയും. ഓരോ ഇന്നിംഗ്സിനു ശേഷവും ഒരു ക്രിക്കറ്റ് കളിക്കാരനെ വിലയിരുത്തുകയാണ് ഇപ്പോള്‍ എല്ലാവരും ചെയ്യുന്നത്. അതിലൂടെ നമുക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. ഈ യുവ കളിക്കാരില്‍ നമ്മള്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങണം. അദ്ദേഹത്തിന് ഇപ്പോഴും 25 വയസ്സുണ്ട്, അടുത്ത രണ്ട് വര്‍ഷങ്ങളില്‍ അദ്ദേഹത്തെയും ആ ഡ്രസ്സിംഗ് റൂമിലെ മറ്റ് കളിക്കാരെയും പിന്തുണച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കുക', ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേടി തിളങ്ങിയ ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു നെടുന്തൂണാവുകയും ചെയ്തു. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. 102 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 112 റണ്‍സ് നേടി. ശ്രേയസിനൊപ്പം 104 റണ്‍സ് കൂട്ടിചേര്‍ത്ത ഗില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും ഗില്‍ ആയിരുന്നു. ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറികളോടെ ഗില്‍ തിളങ്ങിയിരുന്നു. ഈ മാന്‍ ഓഫ് ദി സീരീസ് ബഹുമതി കൂടി ആയതോടെ ഇരുപത്തി അഞ്ച് വയസിനിടെ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് ബഹുമതി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാമനായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. 5 മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങളാണ് ഇതിനകം ഗില്‍ നേടിയിരിക്കുന്നത്.

Content Highlights: Don't judge Shubman Gill after every innings says Gautam Gambhir

dot image
To advertise here,contact us
dot image