'നോക്കൂ, ഒരു ലോകോത്തര ബോളര്‍ തിരിച്ചെത്തിയിരിക്കുകയാണ്'; ബുംമ്രയുടെ അഭാവം ഷമിക്ക് അവസരമാകുമെന്ന് ഗംഭീർ

നിര്‍ണായക താരമായ ബുംമ്രയെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത് ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ്

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ അഭാവത്തില്‍ പ്രതികരിച്ച് കോച്ച് ഗൗതം ഗംഭീര്‍. നിര്‍ണായക താരമായ ബുംമ്രയെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത് ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ്. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംമ്ര ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയത്.

എന്നാല്‍ ബുംമ്ര ഇല്ലാത്തത് മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മികച്ച അവസരമാകുമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ബുംമ്രയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

'ബുംമ്രയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ എനിക്കോ ക്യാപ്റ്റനോ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ല. തീര്‍ച്ചായും ടീമിന്റെ നിര്‍ണായക താരമാണ് ബുംമ്ര. പക്ഷേ അദ്ദേഹത്തിന്റെ അഭാവം ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്ക് മികച്ച അവസരമായിരിക്കും', ഗംഭീര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പേസര്‍ ഹര്‍ഷിത് റാണ മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അര്‍ഷ്ദീപ് അവസാന ഏകദിനത്തില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അതേസമയം ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് ആരാധകരുടെ ആവേശം വര്‍ധിപ്പിച്ചിരിക്കുന്നത്. ഷമിയുടെ തിരിച്ചുവരവിനെ കുറിച്ചും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

'നോക്കൂ, ഒരു ലോകോത്തര ബോളര്‍ തിരിച്ചെത്തുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ഗുണനിലവാരവും ടീമിന് വലിയ ഗുണം ചെയ്യും. ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചുവന്ന ഷമി ഒരു തുടക്കക്കാരനെ പോലെ ചാംപ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം', ഷമി കൂട്ടിച്ചേര്‍ത്തു.

പരിക്കിനെ തുടര്‍ന്നുണ്ടായ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലൂടെയാണ് ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2023 നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി അവസാനമായി കളിച്ച ഷമി, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര, മൂന്ന് ഏകദിനങ്ങള്‍, ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാനം നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാല്‍ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങി ആഭ്യന്തര ക്രിക്കറ്റുകള്‍ കളിച്ച് കഴിവ് തെളിയിച്ചു.

Content Highlights: Jasprit Bumrah's Absence A Chance For 'World-Class' Mohammed Shami: Gautam Gambhir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us