സിറാജിന് എന്തുകൊണ്ട് അവസരമില്ല? ബുംമ്രയ്ക്ക് പകരം ഹര്‍ഷിത്തിനെ ടീമിലെടുത്തതില്‍ ഗംഭീറിന് വിമര്‍ശനം

കോച്ച് ഗൗതം ഗംഭീറിന്റെ ഇഷ്ട താരവും യുവ പേസറുമായ ഹര്‍ഷിത് റാണയ്ക്കാണ് ബുംമ്രയ്ക്ക് പകരക്കാരനായി അവസരം ലഭിച്ചിരിക്കുന്നത്

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പരിക്കേറ്റ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ അഭാവത്തിലും മുഹമ്മദ് സിറാജിന് ടീമില്‍ അവസരം കൊടുക്കാതിരുന്ന തീരുമാനത്തിനെ ആരാധകര്‍ ചോദ്യം ചെയ്യുകയാണ്. ബുംമ്രയ്ക്ക് പകരക്കാരനായി അനുഭവ പരിചയമില്ലാത്ത ഹര്‍ഷിത് റാണയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംമ്ര ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയത്. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ബുംമ്രയ്ക്ക് പകരക്കാരനായി കോച്ച് ഗൗതം ഗംഭീറിന്റെ ഇഷ്ട താരവും യുവ പേസറുമായ ഹര്‍ഷിത് റാണയ്ക്ക് അവസരം ലഭിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ചതാണ് ഹര്‍ഷിത്തിന് മുന്‍ഗണന കിട്ടാന്‍ കാരണമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ബുംമ്രയുടെ പകരക്കാരനായി എന്തുകൊണ്ടും ഹര്‍ഷിത്തിനെ പോലുള്ള യുവതാരത്തേക്കാള്‍ മികച്ചത് സീനിയര്‍ പേസര്‍ സിറാജിനെ പോലുള്ള അനുഭവ സമ്പത്തുള്ള താരമാണെന്നും ആരാധകര്‍ വാദിക്കുന്നു.

ജസ്പ്രിത് ബുംമ്രയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് എല്ലാവരും കരുതിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം നടത്തിയ താരമാണ് മുഹമ്മദ് സിറാജ്. എന്നാല്‍ ബുംമ്രയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ പോലും സിറാജിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

അതേസമയം യശസ്വി ജയ്‌സ്വാളിനും ശിവം ദുബെയ്ക്കുമൊപ്പം നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റ്യൂട്ടായാണ് സിറാജിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിനൊപ്പം സിറാജ് ദുബായിലേക്ക് പോകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഏതെങ്കിലും പേസ് ബൗളര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമാണ് സിറാജിന് ടീമിലേക്കുള്ള വിളിയെത്തുക.

Content Highlights: Champions Trophy: No place for Siraj? Fans Blast Gautam Gambhir as Harshit Rana Replaces Bumrah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us