
ഫെബ്രുവരി 15 ന് ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരോടൊപ്പം ഭാര്യമാരോ മറ്റ് ബന്ധുക്കളോ ഉണ്ടാകില്ല. ഇവരെ കൂടാതെ പേഴ്‌സണൽ സ്റ്റാഫുകളെ കൊണ്ടുപോകുന്നതിനും ബിസിസിഐ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ യാത്രാ നയം ഈ ടൂർണമെന്റോടെ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. വിരാട് കോഹ്‌ലി ഉൾപ്പടെ താരങ്ങളാരും ഭാര്യമാരെ യാത്രയ്‌ക്കൊപ്പം കൂട്ടുന്നില്ലെന്ന് ബിസിസിഐയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ഫെബ്രുവരി 23 ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ശേഷം മാർച്ച് 2 ന് ന്യൂസിലൻഡുമായുള്ള അവസാന പ്രാഥമിക മത്സരവും നടക്കും. ഇന്ത്യയുടെ ഒഴികെയുള്ള ബാക്കി മത്സരങ്ങൾ ഫെബ്രുവരി 19 മുതൽ പാകിസ്ഥാനിൽ മൂന്ന് വേദികളിലായി നടക്കും.
മാർച്ച് 9 ലെ ഫൈനൽ കൂടി പരിഗണിച്ചാൽ പോലും ടൂറിന്റെ ദൈർഘ്യം മൂന്ന് ആഴ്ചയിൽ കുറവാണ്. പുതിയ നയമനുസരിച്ച് 45 ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ടൂറിൽ മാത്രമേ കുടുംബങ്ങൾക്ക് അനുമതിയുള്ളൂ. പരമാവധി രണ്ടാഴ്ച വരെയാണ് ആ സമയത്ത് കുടുംബക്കാർക്ക് കളിക്കാർക്കൊപ്പം നിൽക്കാൻ കഴിയുക.
ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടീം 1-3ന് പരാജയപ്പെട്ടതിനെത്തുടർന്നാണ് പുതിയ നിയമങ്ങൾ തയ്യാറാക്കിയത്, ഇത് ഡ്രസ്സിംഗ് റൂമിൽ അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും അഭാവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
Content Highlights:'No Wives, Partners' With Team India For Champions Trophy. Report