'രജത്, നീ ഇത് അത്രത്തോളം അര്‍ഹിച്ചിരുന്നു'; ആര്‍സിബിയുടെ പുതിയ ക്യാപ്റ്റനെ അഭിനന്ദിച്ച് കോഹ്‌ലി

'ടീമിന് വേണ്ടി ഏറ്റവും മികച്ചതുതന്നെ രജത് ചെയ്യുമെന്ന് ഉറപ്പുണ്ട്. ആരാധകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. യുവതാരം രജത് പാട്ടിദാറാണ് ഐപിഎല്‍ 2025 സീസണില്‍ ആര്‍സിബിയെ നയിക്കുകയെന്ന് അല്‍പ സമയം മുന്‍പാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. ഇപ്പോള്‍ തങ്ങളുടെ പുതിയ ക്യാപ്റ്റന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടീമിലെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനും കൂടിയായ വിരാട് കോഹ്‌ലി.

'അഭിനന്ദനങ്ങള്‍ രജിത്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. വര്‍ഷങ്ങളായി നിങ്ങള്‍ എല്ലാ ആര്‍സിബി ആരാധകരുടെയും ഹൃദയങ്ങളില്‍ ഒരു സ്ഥാനം നേടിയിട്ടുണ്ട്. നിങ്ങള്‍ ഇത് അത്രത്തോളം അര്‍ഹിക്കുന്നുണ്ട്. നിങ്ങളെ പിന്തുണയ്ക്കാന്‍ ഞാനും മറ്റ് ടീം അംഗങ്ങളും എപ്പോഴും ഉണ്ടാകും', ആര്‍സിബി പുറത്തുവിട്ട വീഡിയോയില്‍ കോഹ്ലി പറഞ്ഞു.

'ഇത് നിങ്ങള്‍ക്ക് ഒരു വലിയ ബഹുമതിയാണ്. നിങ്ങളെ ഓര്‍ത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളര്‍ന്ന നിങ്ങളുടെ കളി പല തലങ്ങളിലും മെച്ചപ്പെട്ടു. രജത് സംസ്ഥാന ടീമിനെ നയിച്ചിട്ടുള്ളയാളാണ്. ഒരു ഫ്രാഞ്ചൈസിയെ നയിക്കാന്‍ എന്താണ് വേണ്ടതെന്ന് അദ്ദേഹം കാണിച്ചുതന്നു. ടീമിന് വേണ്ടി ഏറ്റവും മികച്ചതുതന്നെ രജത് ചെയ്യുമെന്ന് ഉറപ്പുണ്ട്. ആരാധകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്ത് സംഭവിച്ചാലും ഏറ്റവും പ്രധാനപ്പെട്ടത് ടീമും ഫ്രാഞ്ചൈസിയും ആണ്', വിരാട് കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ 11.30ന് ചേര്‍ന്ന ആര്‍സിബി മാനേജ്മെന്റ് യോഗത്തിലാണ് പുതിയ ക്യാപ്റ്റനായി രജത് പാട്ടിദാറിനെ പ്രഖ്യാപിച്ചത്. ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റനായിരുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ഐപിഎല്‍ 2025 സീസണില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയെയും ആര്‍സിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ രജത് പാട്ടിദാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് 31കാരനായ രജത്. ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും രജത് പാട്ടിദാറിന് കഴിഞ്ഞിരുന്നു.

ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആര്‍സിബി രജത്തിനെ ടീമില്‍ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍സിബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് രജത് പ്രതികരിച്ചിരുന്നു.

Content Highlights: Virat Kohli applauds Rajat Patidar on becoming RCB’s new captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us