
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് വിജയം. 174 റൺസിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക നേടുന്ന ഏറ്റവും വലിയ വിജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 281 എന്ന മികച്ച ടോട്ടൽ നേടിയെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 24.2 ഓവറിൽ 107 റൺസിൽ എല്ലാവരും പുറത്തായി. ഓസ്ട്രേലിയയുടെ അവസാന ഏഴ് വിക്കറ്റുകൾ വീണത് 28 റൺസിനിടെയാണ്.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൗശൽ മെൻഡിസിന്റെ സെഞ്ച്വറി നേട്ടമാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 115 പന്തിൽ 11 ഫോറുകൾ സഹിതം മെൻഡിസ് 101 റൺസ് നേടി. 70 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം 51 റൺസെടുത്ത നിഷാൻ മധുഷങ്ക മെൻഡിസിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ ചരിത് അസലങ്ക 66 പന്തിൽ ആറ് ഫോറും സിക്സറും സഹിതം പുറത്താകാതെ 78 റൺസെടുത്ത് അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി. 21 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സറും സഹിതം ജനിത് ലിയാനഗെ പുറത്താകാതെ 32 റൺസുമെടുത്തു. ഇരുവരും ചേർന്ന പിരിയാത്ത അഞ്ചാം വിക്കറ്റിൽ 66 റൺസും കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ നിരയിൽ ആർക്കും മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാനായില്ല. 29 റൺസെടുത്ത സ്റ്റീവ് സ്മിത്ത് ഓസീസ് നിരയുടെ ടോപ് സ്കോററായി. ശ്രീലങ്കയ്ക്കായി ദുനിത് ദുനിത് വെല്ലലഗെ നാല് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും വനിന്ദു ഹസരങ്കയും മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: AUS stumbles to 174-un loss, Wellalage picks four wickets