
ഏകദിന ലോകകപ്പ് ചാംപ്യന്മാരായ ഓസ്ട്രേലിയ മറ്റൊരു ഐസിസി ടൂർണമെന്റിനായി കളത്തിലിറങ്ങുകയാണ്. പ്രധാന അഞ്ച് താരങ്ങൾ ഇല്ലാതെയാണ് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിക്കെത്തുന്നത്. ഓസ്ട്രേലിയയെ ലോകചാംപ്യനാക്കിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഉൾപ്പെടെ ഓസ്ട്രേലിയൻ ടീമിലെ മൂന്നു താരങ്ങൾ പരുക്കുമൂലം പിൻമാറിയിരുന്നു. പേസ് ബോളർ ജോഷ് ഹെയ്‌സൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങൾ.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പേസർ മിച്ചൽ സ്റ്റാർക് ടൂർണമെന്റിൽ നിന്ന് പിന്മാറി. ടൂർണമെന്റിനുള്ള ടീമിൽ ഉൾപ്പെട്ട ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസ് ദിവസങ്ങൾക്ക് മുമ്പ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇതോടെ സ്റ്റീവ് സ്മിത്ത് നയിക്കുന്ന 15 അംഗ ടീമാണ് ഓസ്ട്രേലിയയ്ക്കായി ചാംപ്യൻസ് ട്രോഫി കളിക്കുക. ഇതുകൂടാതെയാണ് ഒടുവിൽ കളിച്ച നാല് ഏകദിനങ്ങളിലും ഓസ്ട്രേലിയ പരാജയപ്പെട്ടിരിക്കുന്നത്.
പാകിസ്താനെതിരെ സ്വന്തം നാട്ടിലായിരുന്നു ഓസീസ് പരമ്പര തോൽവി വഴങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് പാകിസ്താൻ സ്വന്തമാക്കി. ബോർഡർ-ഗാവസ്കർ ട്രോഫിയെ തുടർന്ന് പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ അന്ന് വിശ്രമം എടുത്തിരുന്നു. പിന്നാലെ ജോഷ് ഇൻഗ്ലീഷ് നയിച്ച ഓസീസ് നിര പാകിസ്താനോട് പരാജയപ്പെട്ടു. ഏകദേശം സമാന ടീമാണ് ശ്രീലങ്കയോട് 2-0ത്തിന് പരമ്പര തോൽവി വഴങ്ങിയിരിക്കുന്നത്. ഇതോടെ മുൻനിര താരങ്ങളില്ലാതെ ചാംപ്യൻസ് ട്രോഫിയിൽ എത്രമാത്രം നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് കാത്തിരുന്ന് കാണേണ്ടത്.
ചാംപ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ.
Content Highlights: Australia lost last four ODI's on the verge of champions trophy