ആദ്യ മത്സരം തന്നെ ത്രില്ലർ; റണ്ണൊഴുക്കിൽ ജയിച്ച് റോയൽ ചലഞ്ചേഴ്സ്

കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങിയ എല്ലീസ് പെറി തിരിച്ചടിക്ക് തുടക്കമിട്ടു

dot image

വനിത പ്രീമയർ ലീ​ഗ് 2025ന് ഉജ്ജ്വല തുടക്കം. ആദ്യ മത്സരത്തിൽ നിലവിലത്തെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ​ഗുജറാത്ത് ടൈറ്റൻസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് അഞ്ച് വിക്കറ്റിന് 201 റൺസെന്ന വമ്പൻ സ്കോർ ഉയർത്തി. എന്നാൽ 18.3. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി. ഇതാദ്യമായാണ് വനിത പ്രീമിയർ ലീ​ഗിൽ ഒരു ടീം 200ന് മുകളിൽ റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.

നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ​ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആഷ്ലി ​ഗാർഡനറുടെ വെടിക്കെട്ട് ബാറ്റിങ്ങും ബെത്ത് മൂണിയുടെ അർധ സെഞ്ച്വറിയുമാണ് ​ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. 42 പന്തിൽ എട്ട് ഫോറുകൾ സഹിതം ബെത്ത് മൂണി 58 റൺസെടുത്തു. 37 പന്തിൽ മൂന്ന് ഫോറും എട്ട് സിക്സറും സഹിതം ​79 റൺസെടുത്ത ആഷ്ലി ​ഗാർഡനർ പുറത്താകാതെ നിന്നു. റോയൽ ചലഞ്ചേഴ്സിനായി രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സിന് ക്യാപ്റ്റൻ സ്മൃതി മന്ദാനയടക്കം ആദ്യ രണ്ട് വിക്കറ്റുകൾ 14 റൺസിനിടെ നഷ്ടമായി. എന്നാൽ കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങിയ എല്ലീസ് പെറി തിരിച്ചടിക്ക് തുടക്കമിട്ടു. 34 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം പെറി 57 റൺസ് നേടി. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് വിജയി കൂടിയായിരുന്നു പെറി.

ഓസ്ട്രേലിയൻ താരം നൽകിയ മുന്നേറ്റം മുതലാക്കിയ രാഖവി ബിഷ്ത് റോയൽ ചലഞ്ചേഴ്സ് സ്കോറിങ്ങിന് വേ​ഗതകൂട്ടി. ബിഷ്ത് 25 റൺസെടുത്ത് പുറത്തായി. പിന്നാലെ റിച്ച ഘോഷ് 27 പന്തിൽ ഏഴ് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 64 റൺസെടുത്ത് നിലവിലെ ചാംപ്യന്മാരെ വിജയത്തിലെത്തിച്ചു. 13 പന്തിൽ നാല് ഫോറുകൾ സഹിതം പുറത്താകാതെ 30 റൺസ് നേടിയ കനിക അഹുജയും നിർണായക സംഭാവന നൽകി.

Content Highlights: Richa Ghosh Fires RCB To Sensational 6-Wicket Win Over GG

dot image
To advertise here,contact us
dot image