![search icon](https://www.reporterlive.com/assets/images/icons/search.png)
ഫെബ്രുവരി 15 ന് ഐസിസി ചാംപ്യൻസ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരോടൊപ്പം ഭാര്യമാരോ മറ്റ് ബന്ധുക്കളോ ഉണ്ടാകില്ല എന്ന് ഉറപ്പായതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനും നിയന്ത്രണം ഏർപ്പെടുത്തി ബിസിസിഐ. ചാംപ്യൻസ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ഗൗതം ഗംഭീറിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റിന് ടീം താമസിക്കുന്ന ഹോട്ടലില്‍ താമസ സൗകര്യം നല്‍കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
ഓസ്ട്രേലിയൻ പര്യടനത്തിലും ഗൗതം ഗംഭീറിനൊപ്പമുണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്‍റ് ടീം ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ചാംപ്യൻസ് ട്രോഫി മുതല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
കാറില്‍ ചീഫ് സെലക്ടര്‍ക്കായി നീക്കിവെച്ച സീറ്റില്‍ ഗംഭീറിന്‍റെ പിഎ ഇരുന്നതും ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബിസിസിഐ ഹോസ്പിറ്റാലിറ്റി സീറ്റ് ഗംഭീറിന്‍റെ പി എയ്ക്ക് അനുവദിച്ചതുമെല്ലാം ബിസിസിഐയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ടൂർണമെന്റ് ടൂറിൽ ഭാര്യയെ കൂടെ കൊണ്ടുവരാനുള്ള ഒരു സീനിയർ താരത്തിന്റെ ആവശ്യവും ബിസിസിഐ തള്ളിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഈ സീനിയർ താരം ആരെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല. ബിസിസിഐ കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ യാത്രാ നയം ഈ ടൂർണമെന്റോടെ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ഫെബ്രുവരി 23 ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ശേഷം മാർച്ച് 2 ന് ന്യൂസിലൻഡുമായുള്ള അവസാന പ്രാഥമിക മത്സരവും നടക്കും. ഇന്ത്യയുടെ ഒഴികെയുള്ള ബാക്കി മത്സരങ്ങൾ ഫെബ്രുവരി 19 മുതൽ പാകിസ്ഥാനിൽ മൂന്ന് വേദികളിലായി നടക്കും.
Content Highlights:Gautam Gambhir also Suffers Big Setback As BCCI Enforces New Rules