
മാസങ്ങൾ നീണ്ടുനിന്ന ഗ്രൂപ്പ് പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് രഞ്ജി ട്രോഫി ഈ സീസണിന്റെ സെമി ലൈനപ്പാവുന്നത്. 2018-2019നുശേഷം ആദ്യമായി രഞ്ജിട്രോഫി സെമി ഫൈനലിലെത്തുന്ന കേരളത്തിന് ഗുജറാത്താണ് എതിരാളികൾ. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ വിദര്‍ഭയെയാണ് നേരിടുന്നത്.
17ന് ആരംഭിക്കുന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കേരളത്തിന്‍റെ മത്സരം എതിരാളികളുടെ ഹോം ഗ്രൗണ്ടിലാണെന്നത് കേരളത്തിന് തിരിച്ചടിയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കേരളം-ഗുജറാത്ത് ഒന്നാം സെമി ഫൈനല്‍ പോരാട്ടം. എതിർകാണികൾക്ക് മുന്നിൽ കളിക്കേണ്ടി വരുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ സമ്മർദ്ദമുണ്ടാക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഗുജറാത്തിന് കേരളത്തെക്കാൾ പോയിന്‍റുണ്ടായിരുന്നതിനാലാണ് സെമി ഫൈനൽ ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടിലായത്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ഏഴ് കളികളില്‍ 28 പോയന്‍റ് നേടിയപ്പോള്‍ ഗുജറാത്ത് ഏഴ് കളികളില്‍ 32 പോയന്‍റ് നേടിയിരുന്നു. മുംബൈ-വിദര്‍ഭ മത്സരം വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ വിസിഎ സ്റ്റേഡിയത്തിലാണ്. മുംബൈക്ക് 29 പോയന്‍റുള്ളപ്പോള്‍ വിദര്‍ഭ 40 പോയന്‍റുമായാണ് ഗ്രൂപ്പില്‍ ഒന്നാമതായത്.
ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ സമനില പിടിച്ച കേരളം ഒരു റണ്ണിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലായിരുന്നു സെമി ബര്‍ത്തുറപ്പിച്ചത്. ഒരു ഘട്ടത്തിൽ ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ കേരളം സല്‍മാന്‍ നിസാറിന്റെ ഒറ്റയാൾ സെഞ്ച്വറി പോരാട്ടത്തിന്റെ മികവിലാണ് ലീഡ് വരെയെത്തിയത്. ക്വാർട്ടറിൽ ഗുജറാത്ത് ഇന്നിങ്സിനും 98 റൺസിനും സൗരാഷ്ട്രയെ തോൽപിചാണ് ഗുജറാത്ത് കേരളത്തെ നേരിടാനെത്തുന്നത്.
Content Highlights: gujarat x factor in ranjitrophy semifinal vs kerala