
ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ന്യൂസിലാൻഡ് ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പര കിരീടം സ്വന്തമാക്കി ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം. ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് കിരീടവിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.3 ഓവറിൽ 242 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയത് പാകിസ്താന് വലിയ സ്കോറിലേക്ക് എത്തുന്നതിന് തടസമായി. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 46 റൺസെടുത്ത് ടോപ് സ്കോററായി. സൽമാൻ അലി ആഗ 45 റൺസ് നേടി. തയ്യാബ് താഹിർ 38, ബാബർ അസം 29, ഫഹീം അഷറഫ് 22 എന്നിങ്ങനെയും സ്കോർ ചെയ്തു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്ക് നാല് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് നിരയിൽ മിക്ക താരങ്ങളും ഭേദപ്പെട്ട നിലയിൽ സംഭാവന നൽകി. 57 റൺസെടുത്ത ഡാരൽ മിച്ചൽ ആണ് ടോപ് സ്കോറർ. ടോം ലേഥം 56 റൺസ് സംഭാവന ചെയ്തു. ഡെവോൺ കോൺവേ 48 റൺസും കെയ്ൻ വില്യംസൺ 34 റൺസും അടിച്ചെടുത്തു. ഗ്ലെൻ ഫിലിപ്സ് 20 റൺസുമായി പുറത്താകാതെ നിന്നു.
Content Highlights: Kiwis crowned triseries by beat Pakistan in final