
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് മുമ്പായി ന്യൂസിലാൻഡ് ടീമിന് തിരിച്ചടി. പരിക്കേറ്റ പേസർ ബെൻ സിയേഴ്സിന് ടൂർണമെന്റിൽ കളിക്കാനാകില്ല. ബുധനാഴ്ച കറാച്ചിയിൽ നടന്ന പരിശീലന സെഷനിൽ സിയേഴ്സിന് ഇടത് പിൻതുടയുടെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. പകരക്കാരനായി ജേക്കബ് ഡഫിയെ കിവീസ് ടീമിലുൾപ്പെടുത്തി.
അതിനിടെ പരിക്കിന്റെ പിടിയിലുള്ള ലോക്കി ഫെർഗൂസനെയും രചിൻ രവീന്ദ്രയെയും ന്യൂസിലാൻഡ് ടീമിൽ നിലനിർത്തിയിട്ടുണ്ട്. യുഎഇയുടെ ഐഎല്‍ടി 20യിൽ കളിക്കുന്നതിനിടെ ഫെർഗൂസന് പരിക്കേറ്റിരുന്നു. പാകിസ്താനിൽ ത്രിരാഷ്ട്ര ടൂർണമെന്റ് കളിക്കവേയാണ് രചിൻ രവീന്ദ്രയുടെ നെറ്റിയിൽ പന്തിടിച്ച് പരിക്കേറ്റത്. ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരെയാണ് ന്യൂസിലാൻഡിന്റെ ആദ്യ മത്സരം.
ചാംപ്യൻസ് ട്രോഫിക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‍വെൽ, മാർക് ചാംപ്മാൻ, ഡെവോൺ കോൺവേ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ടോം ലേഥം, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ജേക്കബ് ഡഫി, നഥാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യങ്.
Content Highlights: New Zealand's Ben Sears ruled out of Champions Trophy