പോരാട്ടം അവസാന പന്ത് വരെ; മുംബൈയെ വീഴ്ത്തി ഡൽഹിക്ക് വിജയത്തുടക്കം

അവസാന നിമിഷം വരെ പോരാടിയ നിക്കി പ്രസാദ് ഡൽഹിയെ വിജയത്തിനടുത്തെത്തിച്ചു. 33 പന്തിൽ നാല് ഫോറുകൾ സഹിതം 35 റൺസെടുത്താണ് നിക്കി പുറത്താകുന്നത്

dot image

വനിത പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്. അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിൽ രണ്ട് വിക്കറ്റിന്റെ വിജയമാണ് ഡൽഹി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 19.1 ഓവറിൽ 164 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാറ്റ് സ്‌കീവറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. 59 പന്തിൽ 13 ഫോറുകൾ ഉൾപ്പെടെ 80 റൺസെടുത്ത സ്കിവർ പുറത്താകാതെ നിന്നു. 22 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്സറിന്റെയും സഹായത്തോടെ 42 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്കിവറിന് മികച്ച പിന്തുണ നൽകി. ഡൽഹിക്കായി അന്നാബെൽ സത്തർലാൻഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി മെഗ് ലാന്നിങ്ങും ഷഫാലി വർമയും മികച്ച തുടക്കമാണ് നൽകിയത്. ലാന്നിങ് 15 റൺസെടുത്തപ്പോൾ ഷഫാലി വർമ 43 റൺസ് നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 60 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഡൽഹിക്ക് തിരിച്ചടിയായി. എന്നാൽ അവസാന നിമിഷം വരെ പോരാടിയ നിക്കി പ്രസാദ് ഡൽഹിയെ വിജയത്തിനടുത്തെത്തിച്ചു. 33 പന്തിൽ നാല് ഫോറുകൾ സഹിതം 35 റൺസെടുത്താണ് നിക്കി പുറത്താകുന്നത്. താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോൾ ഡൽഹി 19.5 ഓവറിൽ എട്ടിന് 163 എന്ന സ്കോറിലെത്തിയിരുന്നു. അവസാന പന്തിൽ രണ്ട് റൺസ് നേടി അരുന്ധതി റെഡ്ഡി ഡൽഹിയെ വിജയത്തിലെത്തിച്ചു.

Content Highlights: DC beats MI by two wickets, Arundhati wins it

dot image
To advertise here,contact us
dot image