
ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിലേക്ക് രോഹിത് ശർമയെ ഇനി പരിഗണിക്കില്ലെന്ന് റിപ്പോർട്ട്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമാണ് രോഹിത് ശർമയ്ക്ക് തിരിച്ചടിയാകുന്നത്. ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പര മുതൽ ജസ്പ്രീത് ബുംമ്രയ്ക്ക് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നൽകുവാൻ ബിസിസിഐ തീരുമാനിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ബുംമ്ര ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്.
നിലവിൽ പൂർണ കായികക്ഷമത ബുംമ്ര വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പൂർണ കായികക്ഷമത നേടുകയാണെങ്കിലും ബുംമ്രയെ ചാംപ്യൻസ് ട്രോഫിയിൽ കളിപ്പിക്കേണ്ടെന്നാണ് ഇന്ത്യൻ ടീം മുഖ്യസിലക്ടർ അജിത് അഗാർക്കറുടെ തീരുമാനം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിലെ ഒരു പേസർ എന്നതിനപ്പുറം ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിനായകൻ എന്ന പരിഗണനയാണ് ബുംമ്രയ്ക്ക് ബിസിസിഐ നൽകുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ബുംമ്ര ചേർന്നാൽ മതിയാകുമെന്നാണ് ബിസിസിഐ തീരുമാനം.
ഇന്ത്യയെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ബുംമ്ര ഇതുവരെ വിജയിച്ചത്. രോഹിത് ശർമയുടെ അഭാവത്തിൽ 2022ൽ ബ്രിമിങ്ഹാമിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ബുംമ്ര ഇന്ത്യൻ നായകനായി. മത്സരം പരാജയപ്പെട്ടെങ്കിലും താരം ഒരു മികച്ച നായകനാണെന്ന സൂചനകൾ നൽകി. പിന്നാലെ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ബുംമ്ര ഇന്ത്യൻ നായകനായി. ആദ്യ മത്സരം ഇന്ത്യ വിജയിച്ചു. എന്നാൽ അവസാന മത്സരത്തിനിടെ ബുംമ്രയ്ക്ക് പരിക്കേറ്റത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. മത്സരം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.
Content Highlights: Rohit Sharma will not be picked for Tests again, BCCI convinced about new India captain