
രഞ്ജി ട്രോഫി 2024 -25 സീസണിൽ കേരളം സെമി ഫൈനലിൽ പ്രവേശിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൽമാൻ നിസാറിനെ അഭിനന്ദിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. എഫ്ബിയിൽ കുറിപ്പ് വഴിയാണ് സ്പീക്കർ താരത്തെ അഭിനനന്ദങ്ങൾ കൊണ്ടുമൂടിയത്.
'ചരിത്രത്തിൽ അടയാളപ്പെടുത്തും വിധം കേരളത്തിന് ഈ സെമിഫൈനൽ യോഗ്യത നേടിയെടുക്കുന്നതിൽ പങ്കുവഹിച്ച സൽമാന് തലശ്ശേരിയുടെ ജനപ്രതിനിധി എന്ന നിലയിൽ നാടിന്റെ സ്നേഹവായ്പുകൾ അറിയിക്കുന്നു. വരും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ട് നാടിന് അഭിമാനമായി മാറാൻ സൽമാന് സാധിക്കട്ടെ' ഷംസീർ കുറിച്ചു. എഫ്ബി പോസ്റ്റിൽ താരത്തിന്റെ ക്വാർട്ടർ ഫൈനൽ പ്രകടനത്തെ കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
ജമ്മുവിനെതിരെ ക്വാർട്ടർ ഫൈനലിന്റെ തുടക്കത്തിൽ 11-3 എന്ന നിലയില്‍ നിന്നും ഒടുവിൽ ഏഴിന് 137 എന്ന നിലയിലും തകർന്ന കേരളത്തെ സ്ഥിരം രക്ഷകൻ സൽമാൻ നിസാറാണ് രക്ഷിച്ചെടുത്തത്. വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ച്വറിയടക്കം നേടിയ സൽമാന്റെ മരണമാസ് ഇന്നിങ്‌സ് രഞ്ജിട്രോഫി ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സ് കൂടിയായാണ് അടയാളപ്പെടുത്തിയത്. പേരിന് പോലും ഒരു ഇന്ത്യൻ താരം കേരള ടീമിലുണ്ടായിരുന്നില്ല. ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി കളിക്കുന്ന സഞ്ജു സാംസണാകട്ടെ ഇംഗണ്ടിനെതിരായ പരമ്പരയിൽ പരിക്കേറ്റ് രഞ്ജിയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു
ഇതാദ്യമായല്ല സൽമാൻ കേരളത്തിന്റെ രക്ഷയ്ക്കെത്തുന്നത്. ടീം പ്രതിസന്ധിയിലാകുമ്പോൾ സ്വയം സൂപ്പർമാൻ വേഷമണിയുന്ന സൽമാന്റെ സെഞ്ച്വറി കരുത്തിലാണ് ബിഹാറിനെ തോൽപ്പിച്ച് കേരളം ക്വാർട്ടർ ഫൈനലിലെത്തിയതും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ശക്തരായ മുംബൈയെ അട്ടിമറിച്ചതും ഈ 27 കാരന്റെ കരുത്തിലായിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 83 ശരാശരിയിൽ 498 റൺസ് നേടിയ താരത്തിന്റെ മികവിൽ തന്നെയായിരിക്കും സെമിയിലും കേരളത്തിന്റെ പ്രതീക്ഷകൾ. ഗുജറാത്തും കടന്ന് ശേഷമുള്ള ഫൈനൽ കടമ്പയും കടന്ന് കേരളത്തിന് കിരീടം നേടാനായാൽ 91 വർഷത്തെ രഞ്ജി ചരിത്രത്തിലെ കേരളത്തിന്റെ ആദ്യ കിരീടം കൂടിയാവും.
Content Highlights: kerala sepaker an shamseer appreciate salman nizar