
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ മറ്റൊരു ചരിത്ര നേട്ടത്തിനരികെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‍ലി. ടൂർണമെന്റിൽ 173 റൺസ് നേടിയാൽ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടുന്ന താരമായി വിരാട് കോഹ്‍ലി മാറും. ചാംപ്യൻസ് ട്രോഫിയിൽ 13 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ച വിരാട് കോഹ്‍ലി 529 റൺസാണ് നേടിയിട്ടുള്ളത്.
ഇന്ത്യൻ മുൻ താരങ്ങളായ ശിഖർ ധവാൻ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് കോഹ്‍ലിക്ക് മുന്നിലുള്ളത്. ചാംപ്യൻസ് ട്രോഫിയിൽ 19 മത്സരങ്ങളിൽ നിന്ന് ദ്രാവിഡ് 627 റൺസും ഗാംഗുലി 13 മത്സരങ്ങളിൽ നിന്ന് 665 റൺസും ധവാൻ 10 മത്സരങ്ങളിൽ നിന്ന് 701 റൺസും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 791 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരൻ. ഈ റെക്കോർഡ് മറികടക്കാൻ കോഹ്‍ലിക്ക് ഇനി വേണ്ടത് 263 റൺസ് കൂടിയാണ്.
ചാംപ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മാർച്ച് രണ്ടിന് ന്യൂസിലാൻഡ് ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റൊരു എതിരാളി.
Content Highlights: Kohli Eyes Big Champions Trophy Record