
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് പോരാട്ടത്തിന്റെ അധിക ടിക്കറ്റുകളും വിറ്റുതീർന്നു. നേരത്തെ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്ക് ഐസിസി അനുവദിച്ച അധിക ടിക്കറ്റുകളും വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുതീർന്നത്. മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ തുക തന്നെ ടിക്കറ്റിന് ചുമത്തിയിട്ടും ഉണ്ടായ വൻ ഡിമാൻഡ് ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആരാധക ആവേശമാണ് കാണിക്കുന്നത്.
ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് 500 യുഎഇ ദിര്‍ഹമായിരുന്നു അടിസ്ഥാനനിരക്ക്. ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 250 ദിര്‍ഹം മുതല്‍ ലഭ്യമായിരുന്നു. 20ന് ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, 23ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ, മാര്‍ച്ച് രണ്ടിന് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരങ്ങള്‍ക്കുള്ള അധിക ടിക്കറ്റുകളാണ് ഇന്ന് മതുല്‍ ലഭ്യമാക്കിയത്. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിനുള്ള കുറച്ച് ടിക്കറ്റുകളും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ വില്‍പനക്കെത്തി മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു.
അതേസമയം, ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കും സെമി ഫൈനലിനുമുള്ള ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. ഫെബ്രുവരി 23ന് ഞായറാഴ്ചയാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. 25000 പേരെയാണ് ഇന്ത്യ-പാകിസ്താൻ മത്സരത്തിന് വേദിയാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പരമാവധി ഉള്‍ക്കൊള്ളാനാകുക. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
Content Highlights:Additional tickets for the India-Pak match were also sold within hours in championstrophy