
ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീം ഇന്ത്യയെ അസ്വസ്ഥമാക്കി സെലക്ഷൻ വിവാദം. ടീം സെലക്ഷൻ സമയത്ത് പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കം നടന്നുവെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുന്നതിനെയും ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്നതിനെയും ഗംഭീര്‍ എതിര്‍ത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്ന കാര്യത്തില്‍ ഗംഭീറിന് താല്‍പര്യമില്ലായിരുന്നുവെന്നും അതുപോലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിനോടും ഗംഭീര്‍ വിയോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കെ എൽ രാഹുലിനെ ഒന്നാം വിക്കറ്റ് കീപ്പറാക്കി രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാൻ ഗംഭീർ ശ്രമിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ട് ശരിവെക്കുന്നത് കൂടിയാണ് ഇപ്പോൾ പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ.
സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിഷഭ് പന്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. കെ എൽ രാഹുൽ തിളങ്ങാതിരുന്നിട്ടും പന്തിന് അവസരം ലഭിക്കാതിരുന്നത് ഈ തർക്കത്തിന്റെ കൂടി ഭാഗമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരമ്പരയിൽ 14 താരങ്ങൾക്കും അവസരം ലഭിച്ചപ്പോൾ മാറ്റിനിർത്തപ്പെട്ടത് പന്ത് മാത്രമായിരുന്നു.
എന്നാല്‍ ഗംഭീറിന് താല്‍പര്യമില്ലാതിരുന്നിട്ടും ടീമിലെടുത്ത ശ്രേയസ് അയ്യരാകട്ടെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത് ചാംപ്യൻസ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കി. മൂന്ന് മത്സരങ്ങളിൽ നിന്ന് 188 റൺസാണ് താരം നേടിയിരുന്നത്.
Content Highlights: Pant, Iyer's Case Divides Gautam Gambhir And Ajit Agarkar,