
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ തേഡ് അംപയറിങ്ങിനെ പ്രകീർത്തിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ പാർഥ് ജിൻഡാൽ. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ തേർഡ് അംപയറുടെ തീരുമാനങ്ങൾ വിവാദമായതിന് പിന്നാലെയാണ് ജിൻഡാലിന്റെ പ്രസ്താവനയെത്തിയത്.
ഇപ്പോൾ നടന്നുവരുന്ന വനിത പ്രിമിയർ ലീഗിൽ മത്സരഫലങ്ങൾ മാറ്റിനിർത്തിയാൽ, തേഡ് അംപയറിങ് ലോകോത്തര നിലവാരമാണ് പുലർത്തുന്നത്. ഇതിനെ അഭിനന്ദിച്ചേ മതിയാകൂ. കടുത്ത സമ്മർദ്ദ നിമിഷങ്ങൾക്കിടയിലാണ് ദൃശ്യങ്ങളുടെ ലഭ്യമായ ആംഗിളുകളെല്ലാം
തേഡ് അംപയർ പരിശോധിക്കുന്നത്. പരമാവധി റീപ്ലേകൾ കണ്ട് ശേഷം തീരുമാനമെടുക്കും. ജിൻഡാൽ പ്രതികരിച്ചു.
മത്സരത്തിൽ രണ്ട് തവണയാണ് തേഡ് അംപയറിന്റെ തീരുമാനങ്ങൾ വിവാദമായത്. 18-ാം ഓവറില നാലാം പന്തിൽ ശിഖ പാണ്ഡെയെ റൺഔട്ടാക്കാനുള്ള മുംബൈ താരങ്ങളുടെ ശ്രമം വിജയിച്ചില്ല. ബാറ്റ് ക്രീസിനുള്ളിലായിരുന്നെങ്കിലും അന്തരീക്ഷത്തിലായിരുന്നു. നോട്ടൗട്ട് വിളിച്ചതോടെ മുംബൈ താരങ്ങൾ ക്ഷുഭിതരായി.
മത്സരത്തിന്റെ അവസാന ഓവറിലെ അവസാന പന്തിലായിരുന്നു ഡൽഹി താരം അരുന്ധതി റെഡ്ഡി റൺഔട്ടിൽ നിന്ന് രക്ഷപെട്ടത്. അവസാന പന്തിൽ ഡൽഹിക്ക് വിജയിക്കാൻ രണ്ട് റൺസ് വേണമായിരുന്നു. ആദ്യ റൺസ് പൂർത്തിയാക്കി രണ്ടാം റൺസിനായി അരുന്ധതി ഓടിയെത്തി. താരം ക്രീസിന്റെ വരയിൽ ബാറ്റെത്തിച്ചതും വിക്കറ്റ് ഇളക്കിയതും ഒരുപോലെയായിരുന്നു. ഒടുവിൽ തേഡ് അംപയറിന്റെ തീരുമാനത്തിൽ നോട്ടൗട്ട് എന്നാണ് തെളിഞ്ഞത്. മത്സരം ഡൽഹി രണ്ട് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
Content Highlights: Delhi Capitals Co-Owner Parth Jindal Praises Third Umpire Amid ‘Controversial Run-Out Decisions