
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമിയിൽ മുംബൈ നിരയിൽ യശസ്വി ജയ്സ്വാൾ കളിക്കില്ല. ഇടത് കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരം രഞ്ജി സെമിയിൽ നിന്ന് പിന്മാറിയിരിക്കുന്നത്. കൂടുതൽ പരിധോനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് ജയ്സ്വാൾ എത്തിച്ചേരും.
നേരത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ജയ്സ്വാൾ അംഗമായിരുന്നു. എന്നാൽ ഫെബ്രുവരി 12ന് പുറത്തുവിട്ട അന്തിമ ടീം ലിസ്റ്റിൽ നിന്ന് താരം പുറത്താകുകയായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് ജയ്സ്വാളിന് കളിക്കാൻ അവസരം ലഭിച്ചത്. ഐപിഎല്ലിന് മുമ്പായി താരം സുഖപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതിനിടെ രഞ്ജി ട്രോഫി നിലനിർത്തുകയാണ് അജിൻക്യ രഹാനെ നായകനാകുന്ന മുംബൈയുടെ ലക്ഷ്യം. മികച്ച ഫോമിലുള്ള കരുൺ നായർ ഉൾപ്പെടുന്ന വിദർഭയാണ് മുംബൈയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ കേരളം ഗുജറാത്തിനെയും നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക.
Content Highlights: Yashasvi Jaiswal Out Of Mumbai's Ranji Trophy Semi-Final With Ankle Pain