
സ്വന്തം മണ്ണിൽ ചാംപ്യൻസ് ട്രോഫി കിരീടം സ്വപ്നം കണ്ട് ബുധനാഴ്ച്ച ആദ്യ മത്സരത്തിനിറങ്ങുന്ന പാകിസ്താന് വലിയ ആശ്വാസമായി പേസ് ബൗളർ ഹാരിസ് റൗഫ് തിരിച്ചെത്തുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മത്സരം തന്നെ കളിച്ചേക്കും. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി ടീമുകൾ അടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല.
ശേഷം പാക് ക്രിക്കറ്റ് ബോർഡ് അക്വിഫ് ജാവേദിനെ പകരം കൊണ്ടുവന്നെങ്കിലും , മിഡിൽ ഓവറുകളിൽ വിക്കറ്റ് എടുക്കാനുള്ള കഴിവും വേഗതയും മുൻ നിർത്തി താരത്തെ തന്നെ ടീമിൽ നിലനിർത്തിയിരുന്നു. തരാം ഫിറ്റ്നസ് തെളിയിച്ചതോടെ ബൗളിങ്ങിലെ വലിയ ആശങ്ക കൂടിയാണ് പരിഹരിക്കപ്പെടുന്നത്.
തന്റെ അന്താരാഷ്ട്ര കരിയറിൽ, ഹാരിസ് 46 ഏകദിന മത്സരങ്ങളിൽ നിന്ന് 83 വിക്കറ്റുകളും 79 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 110 വിക്കറ്റുകളും നേടിയിട്ടുണ്ട്. ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലൻഡിനെതിരെ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ പാകിസ്താൻ ചാംപ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ അവരെ തോൽപ്പിച്ച് ആത്‌മവിശ്വാസം വീണ്ടെടുക്കാനാണ് ഒരുങ്ങുന്നത്.
Content Highlights: Massive relief for Pakistan! Key pacer declared fit ahead of CT