
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ വിജയത്തിൽ ഭാഗ്യത്തിന്റെ നിർണായക സാന്നിധ്യം. മത്സരത്തിൽ രണ്ട് തവണയാണ് തേഡ് അംപയറിന്റെ തീരുമാനങ്ങൾ ഡൽഹി ക്യാപിറ്റൽസിന് അനുകൂലമായത്. 18-ാം ഓവറില നാലാം പന്തിൽ ശിഖ പാണ്ഡെയെ റൺഔട്ടാക്കാനുള്ള മുംബൈ താരങ്ങളുടെ ശ്രമം വിജയിച്ചില്ല. ബാറ്റ് ക്രീസിനുള്ളിലേക്കെത്തിയിരുന്നെങ്കിലും ടെലിവിഷൻ റിപ്ലേകളിൽ ബാറ്റ് അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുകയായിരുന്നു. എന്നാൽ തേഡ് അംപയറിന്റെ തീരുമാനം ഡൽഹിക്ക് അനുകൂലമായി. നോട്ടൗട്ട് വിളിച്ചതോടെ മുംബൈ താരങ്ങൾ ക്ഷുഭിതരാകുകയും ചെയ്തു.
മത്സരത്തിന്റെ അവസാന ഓവറിലെ അവസാന പന്തിൽ ഡൽഹി താരം അരുന്ധതി റെഡ്ഡിയും റൺഔട്ടിൽ നിന്ന് രക്ഷപെട്ടു. അവസാന പന്തിൽ ഡൽഹിക്ക് വിജയിക്കാൻ രണ്ട് റൺസ് വേണമായിരുന്നു. ആദ്യ റൺസ് പൂർത്തിയാക്കി രണ്ടാം റൺസിനായി അരുന്ധതി ഓടിയെത്തി. താരം ക്രീസിന്റെ വരയിൽ ബാറ്റെത്തിച്ചതും വിക്കറ്റ് ഇളക്കിയതും ഒരുപോലെയായിരുന്നു. ഒടുവിൽ തേഡ് അംപയറിന്റെ തീരുമാനത്തിൽ നോട്ടൗട്ട് എന്നാണ് തെളിഞ്ഞത്.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 19.1 ഓവറിൽ 164 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യത്തിലെത്തി.
Content Highlights: Two lucky run out decisions caused win Delhi Capitals in WPL