
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിക്കുന്നതിനേക്കാൾ ചാംപ്യൻസ് ട്രോഫി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് പാകിസ്താൻ ക്രിക്കറ്റ് ടീം ഉപനായകൻ സൽമാൻ അലി ആഗ. ചാംപ്യൻസ് ട്രോഫി കിരീടം നേടാൻ പാകിസ്താൻ ടീമിന് കഴിയുമെന്നും സൽമാൻ അലി ആഗ പ്രതീക്ഷ പ്രകടിപ്പിച്ചു.
ചാംപ്യൻസ് ട്രോഫിക്ക് പാകിസ്താൻ വേദിയാകുന്നതിൽ ഏറെ ആവേശമുണ്ട്. സ്വന്തം മണ്ണിൽ ചാംപ്യൻസ് ട്രോഫി കിരീടം ഉയർത്താൻ സാധിക്കുകയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കിരീടം നേടാനുള്ള കരുത്ത് പാകിസ്താൻ ടീമിനുണ്ട്. പിസിബി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സൽമാൻ അലി ആഗ പ്രതികരിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന്റെ അന്തരീക്ഷം വളരെ വ്യത്യസ്തമാണ്. എല്ലാവരും പറയുന്നതുപോലെ ലോകത്തിലെ ഏറ്റവും വലിയ മത്സരമാണത്. എന്നാൽ ഇന്ത്യയ്ക്കെതിരായ ഒരു മത്സരം വിജയിക്കുകയെന്നതിനേക്കാൾ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുകയാണ് പാകിസ്താൻ ടീമിന്റെ ലക്ഷ്യം. സൽമാൻ അലി ആഗ വ്യക്തമാക്കി.
ഫെബ്രുവരി 19ന് ചാംപ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് ആണ് പാകിസ്താന്റെ എതിരാളികൾ. ഫെബ്രുവരി 23നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. ഫെബ്രുവരി 27ന് ബംഗ്ലാദേശ് ആണ് ഗ്രൂപ്പ് ഘട്ടത്തിലെ പാകിസ്താന്റെ മറ്റൊരു എതിരാളി.
Content Highlights: Winning the Champions Trophy is more important than winning against India says Pak Vice Captain