78 പന്തിൽ വേണ്ടത് 70 റൺസ്, 9 വിക്കറ്റ് ബാക്കി, പക്ഷേ തോറ്റു; ചാംപ്യൻസ് ട്രോഫിയിലെ ആ ക്ലാസിക് മത്സരം

കൊളംബോയിലെ പിച്ചിൽ ബൗണ്ടറികൾ നേടുക എളുപ്പമായിരുന്നില്ല. കാലിസിന്റെ ഇന്നിം​ഗ്സിൽ പിറന്നത് ആറ് ഫോറും ഒരു സിക്സറും മാത്രം

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ഫെബ്രുവരി 19ന് തുടക്കമാകുകയാണ്. അതിന് മുമ്പ് ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടങ്ങളുടെ പട്ടികയെടുത്താൽ അതിൽ ഒരു മത്സരം തീർച്ചയായും ഉണ്ടാവും. 2002ൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച മത്സരം. സെഞ്ച്വറിക്ക് പിന്നാലെ പരിക്കേറ്റ ഹെർഷൽ ​ഗിബ്സ്, ഇന്ത്യൻ പേസിന്റെ കരുത്തായിരുന്ന ആശിഷ് നെഹ്റയും പരിക്കിനെ തുടർന്ന് പിൻവാങ്ങി. 78 പന്തിൽ 70 റൺസ് നേടാൻ ഒമ്പത് വിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും ദക്ഷിണാഫ്രിക്ക വിജയത്തിലെത്തിയില്ല.

2002ൽ കൊളംബോയിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാംപ്യൻസ് ട്രോഫിയിലെ സെമി പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 261 റൺസ്. യുവരാജ് സിങ് 62 റൺസും വിരേന്ദർ സെവാ​ഗ് 59 റൺസും സംഭാവന ചെയ്തു. വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡിന്റെ വകയായി 49 റൺസും കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ തിളങ്ങിയത് ക്യാപ്റ്റൻ ഷോൺ പൊള്ളോക്കാണ്. മൂന്ന് വിക്കറ്റുകൾ പൊള്ളോക്ക് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ​ഗ്രെയിം സ്മിത്തിനെ വേ​ഗത്തിൽ നഷ്ടമായി. സഹീർ ഖാനെ കട്ട് ചെയ്യാനുള്ള ശ്രമം പോയിന്റിൽ യുവരാജ് സിങിന്റെ ഒരു തകർപ്പൻ ഡൈവിങ്ങിൽ കൈപ്പിടിയിലായി. പിന്നാലെ ഹെർഷൽ ​ഗിബ്സും ജാക് കാലിസും ക്രീസിൽ ഒന്നിച്ചു. ആക്രമണ ശൈലിയിലായിരുന്നു ​ഗിബ്സിന്റെ ബാറ്റിങ്. ​കാലിസ് മികച്ച പിന്തുണ നൽകി.

25-ാം ഓവറിൽ ഒരു റൺഔട്ട് ശ്രമത്തിനിടെ വിരലിന് പരിക്കേറ്റ് ആശിഷ് നെഹ്റ പുറത്തായി. ഇതോടെ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി കൂടുതൽ പ്രതിസന്ധിയിലായി. വിരേന്ദർ സെവാ​ഗ്, യുവരാജ് സിങ് തുടങ്ങിയ പാർട് ടൈം ബൗളേഴ്സിന് കൂടുതൽ ഓവർ നൽകേണ്ടി വന്നു. പിന്നീട് നെഹ്റ മടങ്ങിയെത്തിയെങ്കിലും മത്സരത്തിൽ 7.3 ഓവർ മാത്രമായിരുന്നു താരത്തിന് എറിയാൻ കഴിഞ്ഞത്. കൊളംബോയിലെ പിച്ചിൽ ബൗണ്ടറികൾ നേടുക എളുപ്പമായിരുന്നില്ല. കാലിസിന്റെ ഇന്നിം​ഗ്സിൽ പിറന്നത് ആറ് ഫോറും ഒരു സിക്സറും മാത്രം. ഒരുപാട് റൺസ് ഓടിയെടുക്കേണ്ടി വന്നത് ഹെർഷൽ ​ഗിബ്സിനെ ക്ഷീണിപ്പിച്ചു. ​ഗ്രെയിം സ്മിത്ത് റണ്ണറായി എത്തിയെങ്കിലും ഫലമുണ്ടായില്ല. 119 പന്തിൽ 16 ഫോറുകളോടെ 116 റൺസുമായി ​ഗിബ്സിന് റിട്ടയർഡ് ഹർട്ട് ചെയ്യേണ്ടി വന്നു.

​ഗിബ്സ് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക 37 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന ശക്തമായ നിലയിലായിരുന്നു. കാലിസും ​ഗിബ്സും രണ്ടാം വിക്കറ്റിൽ 178 റൺസ് കൂട്ടിച്ചേർത്തു. 78 പന്തിൽ ജയിക്കാൻ വേണ്ടത് 70 റൺസ്. ​അവിടെനിന്നുമാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ച ആരംഭിച്ചത്. ജോണ്ടി റോഡ്സിനെ പുറത്താക്കാൻ വീണ്ടും യുവരാജ് സിങ്ങിന്റെ തകർപ്പൻ ക്യാച്ച്. സാഹസിക ഡൈവിനിടെ യുവരാജിന് പരിക്കേൽക്കാതിരുന്നത് ടീം ഇന്ത്യയുടെ ഭാ​ഗ്യം. പിന്നീട് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ബോത്തെ ഡിപ്പെനറും മാർക് ബൗച്ചറും മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക നാലിന് 213.

ജാക് കാലിസ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ 97 റൺസുമായി കാലിസ് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 49.2 ഓവറിൽ അഞ്ചിന് 247. അവശേഷിച്ച നാല് പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത് നാല് റൺസ് മാത്രം. 10 റൺസ് വിജയത്തോടെ ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക്. ചാംപ്യൻസ് ട്രോഫിയുടെ ഫൈനൽ മഴയെടുത്തപ്പോൾ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ചാംപ്യന്മാരായി. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ എക്കാലത്തെയും ക്ലാസിക് പോരാട്ടങ്ങളുടെ പട്ടികയിൽ അടയാളപ്പെടുത്തുന്നതായി ഇന്ത്യ-ദക്ഷിണാഫ്രിക്ക സെമി ഫൈനൽ.

Content Highlights: Champions Trophy Classics: India's miraculous turnaround vs South Africa in 2002 semis

dot image
To advertise here,contact us
dot image