
2018ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടപ്പെട്ടപ്പോൾ വാങ്ങി നൽകിയത് തമിഴ് സൂപ്പർ താരം ശിവകാർത്തികേയനായിരുന്നെന്ന് വെളിപ്പെടുത്തി
ഡബ്ല്യുപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റ് താരം സജന സജീവൻ. 2018ലെ പ്രളയത്തിൽ തന്റെ വീട് ഒലിച്ചുപോയിരുന്നുവെന്നും കരിയറിൽ തനിക്ക് കിട്ടിയ ട്രോഫികളും ക്രിക്കറ്റ് കിറ്റും സ്പൈക്സുമെല്ലാം നഷ്ടമായെന്നും സജന ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖതിൽ പറഞ്ഞു.
തമിഴ് സ്പോർട്സ് സിനിമയായ ‘കനാ’യിൽ സജന ശിവകാർത്തികേയനൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സഹായം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും സജന പറഞ്ഞു. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടപ്പോൾ ശിവകാർത്തികേയൻ സർ എന്നെ വിളിച്ച് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നു ചോദിച്ചു. എന്റെ ക്രിക്കറ്റ് കിറ്റെല്ലാം നശിച്ചുപോയെന്ന് പറഞ്ഞപ്പോൾ ഒരാഴ്ചയ്ക്കകം എനിക്കത് ലഭ്യമാക്കിതന്നു. ക്രിക്കറ്റിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ വീടിന്റെ ലോൺ അടക്കുന്നതെന്നും സജന വ്യക്തമാക്കി.
ഡബ്ല്യുപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യപന്തിൽ സിക്സറടിച്ച് ടീമിനെ വിജയിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ താരമാണ് മലയാളിയായ സജന സജീവൻ. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജയിക്കാൻ ഒരു പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോഴായിരുന്നു മുംബൈയ്ക്ക് വേണ്ടി സജനയുടെ മിന്നും പ്രകടനം. ഇതോടെ താരത്തിന് ടൂൺമെന്റിലുടനീളം അവസരം ലഭിച്ചു.
യുപി വാരിയേഴ്സിനെതിരെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിന് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരവും ലഭിച്ചു. ശേഷം ഇന്ത്യയുടെ നീല കുപ്പായത്തിലേക്കും സജനയ്ക്ക് വിളിയെത്തി. ഇപ്പോൾ ഡബ്ല്യുപിഎല്ലിന്റെ മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസിന്റെ ഇലവനിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് സജന.
Content Highlights: Actor Sivakarthikeyan bought his cricket kit when he lost it in the 2018 flood; Sajana Sajevan