വിചിത്രമായ ബോളിങ് ആക്ഷനുള്ള യുവതാരത്തെ കണ്ടെത്തി, പിന്നെ നടന്നത് ചരിത്രം!; ബുംമ്രയെ കുറിച്ച് നിത അംബാനി

'അദ്ദേഹത്തിന് പന്തിനോട് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന് എനിക്ക് തോന്നി'

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ പ്രതിഭാശാലികളായ താരങ്ങളെ കണ്ടെത്തുന്നതില്‍ എക്കാലത്തും മുന്നിലുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ന് ഇന്ത്യന്‍ ടീമിന്റെ അഭിമാന താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംമ്ര, ഏറ്റവും പുതിയ ബാറ്റിങ് സെന്‍സേഷനായ തിലക് വര്‍മ ഉള്‍പ്പടെ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലുകളാണ്. ഇപ്പോള്‍ ഇന്ത്യയുടെ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രിത് ബുംമ്രയെ മുംബൈ സ്വന്തമാക്കിയതിന് പിന്നിലെ കഥ പറയുകയാണ് ടീം ഉടമയായ നിത അംബാനി.

'വിചിത്രമായ ശരീരഭാഷയുള്ള, ബോളിങ് ആക്ഷനുള്ള ഒരു യുവ ക്രിക്കറ്ററെ ഞങ്ങളുടെ സ്‌കൗട്ടുകള്‍ കണ്ടെത്തി. അദ്ദേഹം പന്തെറിയുന്നത് ഒന്ന് കണ്ടുനോക്കൂ എന്ന് സ്‌കൗട്ടുകള്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് പന്തിനോട് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന് എനിക്ക് തോന്നി. അതായിരുന്നു ഞങ്ങളുടെ ബുംമ്ര. പിന്നീട് നടന്നത് ചരിത്രമാണ്', നിത അംബാനി പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ തിലക് വര്‍മ്മയെയും ഞങ്ങള്‍ പുറത്തിറക്കി. ഇപ്പോള്‍ അദ്ദേഹം ടീം ഇന്ത്യയുടെ അഭിമാന താരമാണ്' നിത അംബാനി പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്സറി എന്ന് വിളിച്ചാലും തെറ്റില്ലെന്ന് നിത അംബാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ്. മാര്‍ച്ച് 23 ന് ചെന്നൈയില്‍ വെച്ചാണ് ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്നറിയപ്പെടുന്ന ചെന്നൈ-മുംബൈ ആവേശപ്പോരാട്ടം. ഈ സീസണിലും ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് മുംബൈയെ നയിക്കുക. എങ്കിലും ഈ സീസണിലെ ആദ്യ മത്സരം കഴിഞ്ഞ സീസണിലെ ഓവർ റേറ്റിനെത്തുടർന്നുണ്ടായ സസ്പെൻഷൻ കാരണം ഹാര്‍ദിക്കിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: ’and the rest is history’, Nita Ambani reveals how Mumbai Indians discovered Jasprit Bumrah

dot image
To advertise here,contact us
dot image