പാകിസ്താനിലെ ചാംപ്യന്‍സ് ട്രോഫി വേദിയില്‍ ഇന്ത്യന്‍ പതാക ഒഴിവാക്കിയ സംഭവം; ഒടുവില്‍ പ്രതികരിച്ച് PCB

ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ അടക്കം ഏഴ് പതാകകളാണ് സ്റ്റേഡിയത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്

dot image

പാകിസ്താനിലെ ചാംപ്യന്‍സ് ട്രോഫി വേദികളില്‍ ഇന്ത്യന്‍ പതാക ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

സുരക്ഷാകാരണങ്ങള്‍ കൊണ്ട് പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടിനെ തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിയിലാണ് നടത്തുന്നത്. ഇക്കാരണത്താലാണ് ഇന്ത്യന്‍ പതാക കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉയര്‍ത്താത്തത് എന്നായിരുന്നു ആരാധകരുടെ നിഗമനം. ഒടുവില്‍ വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

'ചാംപ്യന്‍സ് ട്രോഫിയുടെ മത്സരദിനങ്ങളില്‍ നാല് പതാകകള്‍ മാത്രമേ ഉയര്‍ത്താവൂ എന്ന് ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. ഇവന്റ് അതോറിറ്റിയായ ഐസിസിയുടെയും ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും ആ ദിവസം മത്സരിക്കുന്ന രണ്ട് ടീമുകളുടെയുമാണ് ആ നാല് പതാകകള്‍. ഇതുകൊണ്ടാണ് ഇന്ത്യയുടെ പതാക പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉയര്‍ത്താതിരുന്നത്', പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ അടക്കം ഏഴ് പതാകകളാണ് സ്റ്റേഡിയത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

അതേസമയം ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാക്കിസ്ഥാനെതിരായ പോരാട്ടവും ദുബായിലാണ് നടക്കുക. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും മത്സരം ദുബായിലാവും നടക്കുക. ഫെബ്രുവരി 19 ന് നടക്കുന്ന പാകിസ്താന്‍-ന്യൂസിലാന്‍ഡ് ടീമുകള്‍ തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ വേദി കൂടിയാണ് കറാച്ചി.

Content Highlights: Champions Trophy 2025: Pakistan clarify Indian flag controversy after backlash

dot image
To advertise here,contact us
dot image