
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ എക്കാലത്തെയും മികച്ച റെക്കോർഡുകൾ എടുത്താൽ ഇന്ത്യൻ താരങ്ങളുടെ പേര് അതിൽ ഉണ്ടാവും. പ്രത്യേകിച്ചും മുൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശിഖർ ധവാനുമാണ് ഈ റെക്കോർഡുകളിൽ മുന്നിലുള്ളത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിവെച്ചിരിക്കുന്ന ചില റെക്കോർഡുകൾ നോക്കാം.
ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും വലിയ ഓപണിങ് കൂട്ടുകെട്ട് ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയുടെയും വിരേന്ദർ സെവാഗിന്റെയും പേരിലാണ്. 2002ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ ഈ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി സൗരവ് ഗാംഗുലിയും വിരേന്ദർ സെവാഗും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും അടിച്ചുകൂട്ടിയത് 192 റൺസാണ്. ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും വലിയ ഓപണിങ് കൂട്ടുകെട്ട് ഇതാണ്. ഇരുവരുടെയും സെഞ്ച്വറി മികവിൽ ഇന്ത്യ മത്സരം എട്ട് വിക്കറ്റിന് വിജയിച്ചു.
ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 50 ലധികം റൺസ് നേടിയ താരങ്ങൾ ഇന്ത്യയുടെ സൗരവ് ഗാംഗുലിയും ശിഖർ ധവാനുമാണ്. ഇരുവരും മൂന്ന് അർധ സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടവും ധവാന്റെയും ഗാംഗുലിയുടെയും പേരിലാണ്. മൂന്ന് സെഞ്ച്വറികൾ വീതം നേടിയ ഇവർ ഈ റെക്കോർഡ് ക്രിസ് ഗെയ്ലിനും ഹെർഷൽ ഗിബ്സിനുമൊപ്പം പങ്കിടുന്നു.
ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരവും സൗരവ് ഗാംഗുലിയാണ്. 11 ഇന്നിംഗ്സുകളിൽ നിന്നായി 17 സിക്സറാണ് ഗാംഗുലി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി നേടിയത്. ചാംപ്യൻസ് ട്രോഫിയിൽ 300ലധികം റൺസെടുത്തവരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ശിഖർ ധവാനാണ്. 101.59 ആണ് ധവാന്റെ ചാംപ്യൻസ് ട്രോഫിയിലെ സ്ട്രൈക്ക് റേറ്റ്.
Content Highlights: Champions Trophy: 5 Records Held By Indians