'കോഹ്‌ലിയെ ക്യാപ്റ്റനാക്കാത്തത് RCB എടുത്ത നല്ല തീരുമാനം'; കാരണം വ്യക്തമാക്കി മഞ്ജരേക്കർ

യുവതാരം രജത് പാട്ടിദാറിനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുതിയ നായകനായി പ്രഖ്യാപിച്ചത്

dot image

ഐപിഎല്‍ 2025 സീസണില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് തിരികെ ക്യാപ്റ്റന്‍സി പദവി നല്‍കാത്ത ആര്‍സിബിയുടെ തീരുമാനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. യുവതാരം രജത് പാട്ടിദാറിനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുതിയ നായകനായി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍സി പദവിയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കവേയാണ് ആര്‍സിബിയുടെ സര്‍പ്രൈസ് പ്രഖ്യാപനമുണ്ടായിരുന്നത്.

എന്നാല്‍ ആര്‍സിബി എന്തുകൊണ്ട് കോഹ്‌ലിയെ വീണ്ടും ക്യാപ്റ്റനാക്കിയില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. കോഹ്‌ലിയെ ക്യാപ്റ്റന്‍ ആക്കാതിരുന്നത് റോയല്‍ ചലഞ്ചേഴ്‌സിന്റെ മികച്ച തീരുമാനമാണെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്. അതിന്റെ കാരണവും മഞ്ജരേക്കര്‍ വിശദീകരിച്ചു.

'ആര്‍സിബി വളരെ നല്ല തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ കരുതുന്നു. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തം നല്‍കി വിരാട് കോഹ്ലിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ ആഗ്രഹിച്ചില്ല', മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തുമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. 'രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും സമീപകാലത്തെ മികച്ച പ്രകടനം ഈ ഐപിഎല്ലില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ ബ്രാന്‍ഡുകളാണ്', മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്‍ 2025ന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 22നാണ് പുതിയ സീസണ് തുടക്കമാവുക. ഉദ്ഘാടന മത്സരത്തില്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. സീസണില്‍ ആകെ 74 മത്സരങ്ങളാണുള്ളത്. മെയ് 25നാണ് ഫൈനല്‍ അരങ്ങേറുക.

Content Highlights: IPL 2025: Sanjay Manjrekar Explains Why RCB Didn’t Pick Virat Kohli As The Captain

dot image
To advertise here,contact us
dot image