
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിന്റെ ആദ്യ ദിവസം മോശമാക്കാതെ കേരളം. അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് ആദ്യ ദിനത്തെ കേരളത്തിന്റെ ഹീറോ. ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ്.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വരുൺ നായനാർക്കും അഹമ്മദ് ഇമ്രാനും രഞ്ജി ട്രോഫിയിൽ അരങ്ങേറ്റത്തിനുള്ള അവസരം നൽകിയാണ് കേരളം കളത്തിലെത്തിയത്. ഓപണർമാരായ അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും 30 റൺസ് വീതമെടുത്ത് പുറത്തായി. ആദ്യ വിക്കറ്റിൽ ഇരുവരും 60 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. അരങ്ങേറ്റക്കാരനായ വരുൺ നായനാർക്ക് 10 റൺസ് മാത്രമാണ് നേടാനായത്. പിന്നാലെ ജലജ് സക്സേനയും 30 റൺസെടുത്ത് വിക്കറ്റ് നഷ്ടമാക്കി. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ 193 പന്തുകൾ നേരിട്ട് എട്ട് ഫോറുകൾ ഉൾപ്പെടെ 69 റൺസെടുത്ത സച്ചിൻ ബേബിയും 30 റൺസുമായി മുഹമ്മദ് അസ്ഹറുദീനുമാണ് ക്രീസിലുള്ളത്.
മറ്റൊരു മത്സരത്തിൽ മുംബൈയ്ക്കെതിരെ വിദർഭ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ വിദർഭ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെന്ന നിലയിലാണ്. 74 റൺസെടുത്ത ധ്രുവ് ഷോറെയും 79 റൺസെടുത്ത ഡാനിഷ് മലേവറുമാണ് വിദർഭയ്ക്കായി മികച്ച പ്രകടനം നടത്തിയത്. കരുൺ നായർ 45 റൺസും സംഭാവന ചെയ്തു.
Content Highlights: Sachin Baby helps Kerala reach 200 vs Gujarat