പ്രതീക്ഷിച്ചത് ടീമിലേക്കുള്ള വിളി; ലഭിച്ചത് കമന്ററി പറയാനുള്ള ക്ഷണം, വൻതുക ഓഫർ ചെയ്തിട്ടും നിരസിച്ചു: രഹാനെ

ഓസീസ് മണ്ണിൽ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ കമന്ററി പറയാനായി ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വെറ്ററൻ അജിങ്ക്യാ രഹാനെ

dot image

ഓസീസ് മണ്ണിൽ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ കമന്ററി പറയാനായി ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വെറ്ററൻ അജിങ്ക്യാ രഹാനെ. ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ക്ഷണമെന്നും അതുകൊണ്ട് തന്നെ അത് തന്നെ ഞെട്ടിച്ചെന്നും രഹാനെ പറഞ്ഞു. വിരമിക്കാൻ പദ്ധതിയില്ലാത്തതിനാലും ഇനിയും കളി തുടരാനാകുമെന്ന് ഉറപ്പുള്ളതിനാലുമാണ് കമന്ററി പറയാനുള്ള ക്ഷണം നിരസിച്ചത്. വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്‌തെങ്കിലും ആ ഓഫര്‍ താന്‍ സ്വീകരിച്ചില്ലെന്നും രഹാനെ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍നിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ തന്നോട് ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും രഹാനെ പറഞ്ഞു. തനിക്ക് പിആർ ടീമില്ലെന്നും കളിയാണ് തന്റെ പിആർ എന്നും രഹാനെ പറഞ്ഞു. 'പലരും പറയാറുണ്ട് അവസരങ്ങൾ ലഭിക്കാൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കണമെന്ന്, വേണമെങ്കിൽ അതിന് പിആർ ടീമിനെ ആശ്രയിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ പറയുന്നു, എന്നാൽ എനിക്ക് പിആർ ടീമില്ല, ഗ്രൗണ്ടിൽ നടത്തുന്ന പ്രകടനം മാത്രമാണ് വാർത്തകളിൽ നിറയാനുള്ള മാർഗം, രഹാനെ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രഹാനെയെ, പിന്നീട് നടന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കു പിന്നാലെ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ പുതിയ സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു രഹാനെയുടെ പുറത്താകല്‍.

നിലവിൽ രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിക്കുകയാണ് എന്‍റെ ഉത്തരവാദിത്തമെന്നും മുംബൈയെ വീണ്ടും കിരീടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും രഹാനെ പറഞ്ഞു. ശേഷം ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയണം, ഇതിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ശ്രമിക്കണം, വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി രഹാനെ പറഞ്ഞു.

നിലവിൽ രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭക്കെതിരെ മുംബൈയെ നയിക്കുകയാണ് 36കാരനായ രഹാനെ. ശേഷം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ക്യാപ്റ്റനാകുമെന്നാണ് കരുതുന്നത്. 2020-2021 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രഹാനെയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടിയിരുന്നു. ടെസ്റ്റിൽ 85 മത്സരങ്ങളിൽ നിന്ന് 5077 റൺസ് ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 90 മത്സരങ്ങളിൽ നിന്ന് 2962 റൺസും ടി 20 യിൽ 20 മത്സരങ്ങളിൽ നിന്ന് 375 റൺസും നേടി.

Content Highlights; A call-up to the team was expected; Received Commentary Invitation, : Rahane

dot image
To advertise here,contact us
dot image