'അന്നത്തെ സിക്‌സറുകളെ കുറിച്ച് കോഹ്‌ലി ഇതുവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല'; മനസ് തുറന്ന് പാക് പേസര്‍

'കോഹ്ലിയുടെ ലോകോത്തര ബാറ്റിങ് ഏതൊരു ബൗളര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എനിക്കും അങ്ങനെ തന്നെയാണ്'

dot image

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ നേരിടാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ്. ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് പാക് താരത്തിന്റെ പ്രതികരണം. 2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ റൗഫിനെ തുടര്‍ച്ചയായി കോഹ്‌ലി സിക്സര്‍ പറത്തിയതിനെ കുറിച്ചും റൗഫ് സംസാരിച്ചു.

പാകിസ്താനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ഹാരിസ് റൗഫിനെ കോഹ്‌ലി തുടര്‍ച്ചയായി രണ്ട് തവണ സിക്‌സര്‍ പറത്തിയതും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. എന്നാല്‍ തനിക്കെതിരെ സിക്‌സറുകള്‍ അടിച്ചതിന് കോഹ്ലി ഒരിക്കലും തന്നെ കളിയാക്കിയിട്ടില്ലെന്ന് റൗഫ് തുറന്നുപറഞ്ഞു. ഏത് ബൗളറെയും നിയന്ത്രിക്കാന്‍ കഴിയുന്ന ലോകോത്തര കളിക്കാരനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നും പാക് പേസർ കൂട്ടിച്ചേര്‍ത്തു.

'ആ സിക്സറുകളെക്കുറിച്ച് കോഹ്ലി ഒരിക്കലും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നടന്ന എല്ലാ ചര്‍ച്ചകളും അസംബന്ധമാണ്. എല്ലാവരും കോഹ്ലിയുടെ ബാറ്റിങ്ങിനെയാണ് പ്രശംസിച്ചത്. അദ്ദേഹം ഒരു ലോകോത്തര കളിക്കാരനാണ്. കോഹ്‌ലിയുമായി വളരെ രസകരമായ ബന്ധമാണ് ഞാന്‍ പുലര്‍ത്തുന്നത്', റൗഫ് ടെലികോം ഏഷ്യ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'കോഹ്ലിയുടെ ലോകോത്തര ബാറ്റിങ് ഏതൊരു ബൗളര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എനിക്കും അങ്ങനെ തന്നെയാണ്. പക്ഷേ ആ വെല്ലുവിളി എനിക്ക് ഇഷ്ടമാണ്. ഞായറാഴ്ച ദുബായില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ അത് വെല്ലുവിളികള്‍ നിറഞ്ഞ ഒരു മത്സരമായിരിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിനെതിരെ പന്തെറിയുമ്പോഴുള്ള ഏറ്റവും മികച്ച കാര്യം ആ മത്സരത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്നതാണ്', റൗഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ചാംപ്യന്‍സ് ട്രോഫി 2025ക്ക് ഫെബ്രുവരി 19ന് തുടക്കമനാവുകയാണ്. ന്യൂസിലാന്‍ഡും പാകിസ്താനും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശുമായാണ്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ്.

Content Highlights: CT 2025: “Virat Kohli never said a word those sixes”, Haris Rauf on rumored chat with India star

dot image
To advertise here,contact us
dot image