
2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി തന്റെ അവസാന ഏകദിന മത്സരമായിരിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. ഫെബ്രുവരി 19ന് പാകിസ്താനില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയോടെ 39കാരനായ താരം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ തീരുമാനം പിന്‍വലിച്ചേക്കുമെന്നും മകന്‍ ഹസന്‍ ഐസാഖിലിനൊപ്പം അഫ്ഗാനിസ്ഥാന് വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നബി വെളിപ്പെടുത്തി.
'2025ലെ ചാംപ്യന്‍സ് ട്രോഫി എന്റെ അവസാനത്തെ ഏകദിന മത്സരങ്ങളായേക്കില്ല. ഇനിയും കുറച്ച് ഏകദിനങ്ങള്‍ കൂടി ഞാന്‍ കളിച്ചേക്കും. പക്ഷേ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അനുഭവങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യും. ഞാന്‍ ഇക്കാര്യം സീനിയര്‍ താരങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള മത്സരങ്ങളില്‍ നിങ്ങള്‍ക്ക് എന്നെ ടീമിനൊപ്പം കാണാനോ കാണാതിരിക്കാനോ സാധ്യതയുണ്ട്. നമുക്ക് നോക്കാം. ഇതെല്ലാം എന്റെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കും', നബി പറഞ്ഞു.
തന്റെ മകനൊപ്പം അഫ്ഗാന്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹവും നബി വെളിപ്പെടുത്തി. 'ഇതെന്റെ സ്വപ്നമാണ്. അത് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അവന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഏറെ കഠിനാധ്വാനിയാണ്, ഞാനും അവനെ പിന്തുണയ്ക്കുന്നുണ്ട്. അവനെന്നോട് സംസാരിക്കുമ്പോഴെല്ലാം അവന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ശ്രമിക്കാറുണ്ട്', നബി പറഞ്ഞു.
നബിയുടെ മകന്‍ ഐസാഖില്‍ 2024 ലെ അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതിനകം 16 ടി20 മത്സരങ്ങളില്‍ നിന്ന് 426 റണ്‍സ് നേടിയിട്ടുണ്ട്. തന്റെ മകന്‍ ഉടന്‍ തന്നെ സീനിയര്‍ ദേശീയ ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് നബി.
അതേസമയം അഫ്ഗാന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ് മുഹമ്മദ് നബി. 2009ല്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ അഫ്ഗാന്റെ ഏകദിന ടീമിലെ നിര്‍ണായക താരവുമാണ് അദ്ദേഹം. അഫ്ഗാനെ പ്രതിനിധീകരിച്ച് ഇറങ്ങിയ 165 ഏകദിന മത്സരങ്ങളില്‍നിന്ന് 27.30 റണ്‍സ് ശരാശരിയില്‍ 3549 റണ്‍സാണ് നബി അടിച്ചുകൂട്ടിയിട്ടുള്ളത്. കൂടാതെ 171 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
Content Highlights: Mohammad Nabi not to retire from ODIs after ICC Champions Trophy 2025, aims to play with his son in national colours