
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ വിടവ് നികത്താന്‍ മുഹമ്മദ് ഷമിക്ക് കഴിയുമെന്ന് മുന്‍ താരം ലക്ഷ്മിപതി ബാലാജി. ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ബുംമ്രയുടെ അഭാവം ഇന്ത്യയുടെ എതിരാളികള്‍ ആഘോഷിക്കുന്ന സാഹചര്യത്തിലാണ് മുന്‍ പേസ് ബൗളറുടെ പ്രതികരണം. എന്നാല്‍ നിലവില്‍ ബുംമ്രയേക്കാള്‍ മികച്ച ബൗളര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് ബാലാജി അവകാശപ്പെടുന്നത്.
പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഷമിയായിരിക്കും ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങാന്‍ പോകുന്നതെന്നും ബാലാജി പറഞ്ഞു. 2019ലെയും 2023ലെയും ലോകകപ്പുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ഷമിയായിരുന്നെന്നും ബാലാജി ഓര്‍മ്മിപ്പിച്ചു. ബുംമ്ര ചാംപ്യന്‍ ബോളര്‍ തന്നെയാണെങ്കിലും മുന്‍പ് ഷമിയായിരുന്നു ഇന്ത്യയുടെ ബോളിങ് യൂണിറ്റിനെ നയിച്ചിരുന്നതെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.
Lakshmipathy Balaji believes that it is important for Mohammad Shami to come good for India and also mentioned how he carried the Indian bowling before Jasprit Bumrah came on to the scene 🏏#JaspritBumrah #MohammadShami #ChampionsTrophy #CricketTwitter pic.twitter.com/o5MoMoZJY4
— InsideSport (@InsideSportIND) February 18, 2025
'മുഹമ്മദ് ഷമി 2019ലും 2023ലും നടന്ന ഏകദിന ലോകകപ്പില്‍ ജസ്പ്രിത് ബുംമ്രയേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തത് ഷമിയാണ്. ബുംമ്ര എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബോളറാണ് പക്ഷേ ബുംമ്രയ്ക്ക് മുന്‍പ് ഷമിയായിരുന്നു ഇന്ത്യയെ മുന്‍പില്‍ നിന്ന് നയിച്ചിരുന്നത്', ലക്ഷ്മിപതി ബാലാജി പറഞ്ഞു.
'ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂ ബോളില്‍ ഷമിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായാല്‍ ഇന്ത്യയ്ക്ക് അത് വലിയ ഗുണം ചെയ്യും. ആദ്യത്തെ ആറ് ഓവറില്‍ മികച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചാല്‍ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാം', ലക്ഷ്മിപതി ബാലാജി കൂട്ടിച്ചേര്‍ത്തു.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണായക താരമായ ബുംമ്രയെ ഒഴിവാക്കേണ്ടി വന്നത് ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംമ്ര ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയത്. അതുകൊണ്ടുതന്നെ മത്സരങ്ങളില്‍ മുഹമ്മദ് ഷമിക്ക് നിര്‍ണായകമായ പങ്ക് ഉണ്ടാകും.
2023ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം പരിക്കേറ്റ ഷമി ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് ഷമി തിരിച്ചെത്തിയത്. എന്നാല്‍ മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ലോകകപ്പില്‍ തിളങ്ങിയ താരം ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ച വെച്ചത്. ബുംമ്രയില്ലാത്ത ഇന്ത്യന്‍ ബോളിങ് യൂണിറ്റിനെ നയിക്കാന്‍ ഷമി ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണ്.
അതേസമയം ചാംപ്യന്‍സ് ട്രോഫി 2025ക്ക് ഫെബ്രുവരി 19ന് തുടക്കമാവുകയാണ്. ന്യൂസിലാന്‍ഡും പാകിസ്താനും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശുമായാണ്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ്.
Content Highlights: Mohammed Shami can carry India's attack in Bumrah's absence says Laxmipathy Balaji